ദുബായ്: കൊവിഡിന് ശേഷം സാമ്പത്തിക വീണ്ടെടുക്കലിന്റെയും തൊഴിലവസരങ്ങളുടെയും പശ്ചാത്തലത്തില്‍ ദുബായിലെ ജനസംഖ്യ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2022 അവസാന പാദത്തെ കണക്കനുസരിച്ച് 3.55 ദശലക്ഷമാണ് ദുബായിലെ ജനസംഖ്യ. 2021ല്‍ നിന്ന് 2022ലേക്ക് എത്തിയപ്പോള്‍ 2.1 ശതമാനം വളര്‍ച്ചയാണ് ജനസംഖ്യയുടെ കാര്യത്തില്‍ ദുബായിലുണ്ടായത്. 2021 അവസാനം 3,478,300 ആയിരുന്നു ദുബായിലെ ജനസംഖ്യ. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് നഗരത്തിലെ ജനസംഖ്യ മൂന്നര ദശലക്ഷം പിന്നിട്ടിത്.
2020ല്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ സാമ്പത്തിക മേഖലയിലും തൊഴില്‍ മേഖലയിലുമുണ്ടായ തിരിച്ചടികള്‍ കാരണം ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം 2021ലും 22ലും ദുബായില്‍ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയായിരുന്നു. ട്രാവല്‍ ആന്റ് ടൂറിസം, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, ഏവിയേഷന്‍ തുടങ്ങിയ വിവിധ മേഖലകള്‍ പഴയ പോലെ തിരിച്ചുവരികയാണ്.
നഗരത്തിലെ തൊഴില്‍ അവസരങ്ങളും വര്‍ധിച്ചു. ദുബായി എക്‌സ്‌പോയും നഗരത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. 2020ന് ശേഷം എമിറേറ്റിലെ ജനസംഖ്യയില്‍ നാല് ശതമാനം വര്‍ധനവുണ്ടായെന്നാണ് ദുബായി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്കുകളില്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം ബിസിനസ്, വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കായി ദുബായില്‍ എത്തുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ്ടാകുന്നത്. ജനസംഖ്യാ വര്‍ധനവിന്റെ ഫലമായി ദുബായിയുടെ ജിഡിപി 4.6 ശതമാനം വര്‍ധിച്ചു.