Wednesday, January 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsശബരിമല സ്വർണക്കൊള്ള: ഇഡി റെയ്ഡിൽ കണ്ടെത്തിയത് നിർണായക വിവരങ്ങൾ; ഒരു കോടി 30 ലക്ഷം രൂപ...

ശബരിമല സ്വർണക്കൊള്ള: ഇഡി റെയ്ഡിൽ കണ്ടെത്തിയത് നിർണായക വിവരങ്ങൾ; ഒരു കോടി 30 ലക്ഷം രൂപ മൂല്യംവരുന്ന സ്ഥാവരസ്വത്തുക്കൾ കണ്ടുകെട്ടി

കൊച്ചി: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വർണവും മറ്റ് ക്ഷേത്ര സ്വത്തുക്കളും ദുരുപയോഗം ചെയ്തെന്ന കേസിൽ ഇഡി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് നിർണായക വിവരങ്ങൾ. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ 2002-ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം, കൊച്ചി സോണൽ ഓഫീസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ചൊവ്വാഴ്ച കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ആകെ ഒരു കോടി 30 ലക്ഷം രൂപ മൂല്യംവരുന്ന സ്ഥാവരസ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് ഇഡി പ്രസ്താവനയിൽ വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുതിർന്ന ഉദ്യോഗസ്ഥർ, മുൻ ക്ഷേത്ര ഭരണാധികാരികൾ, സ്വകാര്യ സ്‌പോൺസർമാർ, ജ്വല്ലറികൾ എന്നിവർ ഉൾപ്പെട്ട ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരള പോലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം.

ദ്വാരപാലക വിഗ്രഹ ഘടകങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ ഫ്രെയിം പാനലുകൾ എന്നിവയുൾപ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വർണ്ണം പൂശിയ വസ്തുക്കൾ ഔദ്യോഗിക രേഖകളിൽ വെറും ‘ചെമ്പ് തകിടുകൾ’ ആണെന്ന് മനപ്പൂർവം തെറ്റായി രേഖപ്പെടുത്തി, 2019-2025 കാലയളവിൽ ക്ഷേത്ര പരിസരത്തുനിന്ന് അനധികൃതമായി മാറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി പറയുന്നു.

ഇവ പിന്നീട് ചെന്നൈയിലെയും കർണാടകയിലെയും സ്മാർട്ട് ക്രിയേഷൻസ്, റോഡാം ജ്വല്ലേഴ്സ് എന്നിവയുൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയി. അറ്റകുറ്റപ്പണികളുടെയും പുനർനിർമ്മാണത്തിന്റെയും മറവിൽ രാസപ്രക്രിയകളിലൂടെ സ്വർണ്ണം വേർതിരിച്ചെടുത്തു. വേർതിരിച്ചെടുത്ത സ്വർണവും അനുബന്ധ സ്വത്തുക്കളും പ്രതികൾ സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തുവെന്നും ഇഡി പ്രസ്താവനയിൽ വ്യക്തമാക്കി.

മാത്രമല്ല, ശബരിമല ക്ഷേത്രത്തിലെ മറ്റ് സാമ്പത്തിക ക്രമക്കേടുകളുടെയും അഴിമതികളുടെയും സൂചനകൾ അന്വേഷണത്തിൽ വെളിച്ചത്തുവന്നിട്ടുണ്ട്. ക്ഷേത്ര വഴിപാടുകളും ആചാരങ്ങളുമായി ബന്ധപ്പെട്ട ദുരുപയോഗവും ഇതിൽ ഉൾപ്പെടുന്നു, ഇവയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കീഴിൽ പരിശോധിക്കുന്നതായും ഇഡി കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം കണ്ടെത്തുന്നതിനും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും കുറ്റകരമായ രേഖകളും ഡിജിറ്റൽ തെളിവുകളും വീണ്ടെടുക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കലിന്റെ പൂർണ വ്യാപ്തി കണ്ടെത്തുന്നതിനും വിവിധയിടങ്ങളിൽ പരിശോധന നടത്തി. ഇതിൽ വിവിധ സ്ഥലങ്ങളിൽനിന്ന് വലിയ അളവിൽ കുറ്റകരമായ രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ മഹസറുകളും ഔദ്യോഗിക രേഖകളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ സ്വർണം പൂശിയ വിശുദ്ധ പുരാവസ്തുക്കളെ ‘ചെമ്പ് പ്ലേറ്റുകൾ’ ആയി മനപ്പൂർവം തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതുവഴിയാണ് അവ അനധികൃതമായി നീക്കം ചെയ്യാനും സ്വർണം വേർതിരിച്ചെടുക്കാനുമുള്ള നീക്കങ്ങൾ നടത്തിയിട്ടുള്ളതെന്നും ഇഡി പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് 2019-നും 2024-നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവുകൾ, ഔദ്യോഗിക ശുപാർശകൾ, കത്തിടപാടുകൾ, സ്വകാര്യ ജ്വല്ലറികളുടെ ഇൻവോയ്സുകൾ, പേയ്മെന്റ് രേഖകൾ എന്നിവയും രാസവസ്തുക്കൾ ഉപയോഗിച്ച് വേർതിരിച്ചെടുക്കലും പുനർനിർമ്മാണവും എന്നിവയുമായി ബന്ധപ്പെട്ട വാറന്റി സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്.

കൂടാതെ, ക്ഷേത്ര വഴിപാടുകളിലും ആചാരങ്ങളിലും ചില ഉദ്യോഗസ്ഥർ നടത്തിയ ക്രമക്കേടുകൾ, വരുമാനം വകമാറ്റൽ, ഗുണനിലവാരവുമായി ബന്ധപ്പെട്ട നഷ്ടങ്ങൾ, വിശദീകരിക്കാത്ത സ്വത്തുക്കളുടെ ശേഖരണം, ചില ഉദ്യോഗസ്ഥർ നടത്തിയ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ എന്നിവ ഉൾപ്പെടെയുള്ള രേഖകളും കണ്ടെത്തി.

തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനം, പുളിമാത്തുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, വെഞ്ഞാറമൂട്ടിലെ അദ്ദേഹത്തിന്റെ സഹോദരി മിനിയുടെ വീട്, തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ്. ബൈജുവിന്റെ വീട് തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡുനടന്നത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് മരാമത്ത് വിഭാഗത്തിലും ദേവസ്വം കമ്മിഷണറുടെ ഓഫീസിലുമാണ് വിശദപരിശോധന നടന്നത്.

ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ. പദ്മകുമാറിന്റെ ആറന്മുളയിലെ വീട്, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ തിരുവല്ല മുത്തൂരിലെ വീട്, ഇവരുടെതന്നെ എറണാകുളം കാക്കനാടുള്ള ഫ്‌ളാറ്റ്, മുൻ എക്‌സിക്യുട്ടീവ് ഓഫീസർമാരായ മുരാരിബാബുവിന്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്, രാജേന്ദ്രപ്രസാദിന്റെ അങ്കമാലി കോതകുളങ്ങരയിലെ വീട് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും റെയ്ഡ് നടന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments