കൊച്ചി: ഇടപ്പള്ളി ഉണിച്ചിറയിൽ വാണിജ്യ സ്ഥാപനങ്ങളിൽ തീപ്പിടിച്ച് വ്യാപക നാശനഷ്ടം. തര്യൻ ജോൺ മലമേൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ പ്രവർത്തിച്ചിരുന്ന റെജി ചാക്കോയുടെ ഉടമസ്ഥതയിലുള്ള ‘ഹിറോഷി മോട്ടോഴ്സ്’ എന്ന കാർ ഓഡിയോ ആൻഡ് വീഡിയോ ഇലക്ട്രോണിക്സ് സ്ഥാപനവും ജോളി ജോർജിന്റെ ഉടമസ്ഥതയിലുള്ള ‘മോട്ടോലാൻഡ്’ ടൂവീലർ വർക്ക് ഷോപ്പുമാണ് കത്തിനശിച്ചത്. തൃക്കാക്കര, ഏലൂർ, ഗാന്ധിനഗർ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നായി എത്തിയ നാല് യൂണിറ്റ് സേനാംഗങ്ങൾ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.55 ഓടെയായിരുന്നു തീപ്പിടിത്തം. അപകടത്തിൽ എട്ടോളം ഇരുചക്ര വാഹനങ്ങൾ, റിപ്പയർ ഉപകരണങ്ങൾ, വിവിധ തരത്തിലുള്ള കാർ ആക്‌സസറികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൂർണ്ണമായും അഗ്നിക്കിരയായി. കൂടാതെ സ്ഥാപനങ്ങളിലുണ്ടായിരുന്ന ഫയലുകളും ഫർണിച്ചറുകളും നശിച്ചിട്ടുണ്ട്. തീപിടുത്തം ഉണ്ടാകുമ്പോൾ ഹിറോഷി മോട്ടേഴ്സിൽ ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും അവർ ഉടൻ തന്നെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളവും ഫോമും ഉപയോഗിച്ചാണ് അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചത്.



