തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണ ബോർഡുകളിലെ ശ്രീലേഖ ഐപിഎസ് എന്നത് തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ആം ആദ്മി പാർട്ടി നൽകിയ പരാതിയിലാണ് നടപടി.
എന്നാൽ ഐപിഎസ് വെട്ടാതെ മുന്നിൽ റിട്ടയേർഡ് എന്ന് ചേർക്കാനുള്ള നീക്കത്തിലാണ് ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയായ ശ്രീലേഖ,
ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളിലൊരാളാണ്. ബിജെപിയുടെ വൈസ് പ്രസിഡന്റാണ് ആർ ശ്രീലേഖ. അതേസമയം പ്രചാരണത്തിൽ സജീവമായ ശ്രീലേഖ തന്‍റെ ഉദ്ദേശം വാർഡിൽ ജയിക്കുക എന്നതാണെന്നും പദവികൾക്ക് ഇപ്പോൾ പ്രാധാന്യമില്ലെന്നും പറഞ്ഞിരുന്നു. വളരെ ഉത്സാഹവും ഊര്‍ജവും തോന്നുന്നു. എപ്പോഴും തനിക്ക് യുവത്വമാണ്. യൂണിഫോം ഇട്ടുനടന്നപ്പോഴുള്ള പേടിയും ബഹുമാനവും ആളുകള്‍ക്ക് ഇപ്പോഴില്ല. പേടി ഇല്ലാത്തതാണ് തനിക്ക് ഇഷ്ടമെന്നും ശ്രീലേഖ പറഞ്ഞിരുന്നു



