ദുബായ് : യുഎസ്, ഷെൻഗൻ, യുകെ വീസയുള്ള ഇന്ത്യക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി എമിറേറ്റ്സ് അറിയിച്ചു. എമിറേറ്റ്സിൽ യാത്ര ചെയ്യുന്നവർക്കു മാത്രമാണ് ഈ സൗകര്യം. അല്ലാത്തവർ, യുഎഇയിലെ വിമാനത്താവളത്തിൽ മർഹബ സെന്ററിൽ എത്തി ഓൺ അറൈവൽ വീസ എടുക്കണം. പ്രീ അപ്രൂവ്ഡ് ഓൺ അറൈവൽ വീസ ലഭിക്കാൻ യുഎസ്, യുകെ, ഷെൻഗൻ വീസകൾക്ക് കുറഞ്ഞത് 6 മാസം കാലാവധി വേണം.
www.emirates.com വെബ്സൈറ്റിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം യുഎഇ വീസ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി അപേക്ഷിക്കാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) അപേക്ഷ അംഗീകരിച്ചാൽ 14 ദിവസ കാലാവധിയുള്ള പ്രീ അപ്രൂവ്ഡ് വീസ വിമാനടിക്കറ്റിനൊപ്പം ലഭിക്കും. കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ ഇന്ത്യയിലെ 9 സെക്ടറുകളിലായി ആഴ്ചയിൽ 167 വിമാന സർവീസുകൾ എമിറേറ്റ്സ് നടത്തുന്നുണ്ട്. മർഹബ സെന്ററിലെ കാത്തുനിൽപ് ഒഴിവാക്കാം എന്നതാണ് പുതിയ സൗകര്യത്തിന്റെ പ്രത്യേകത.