തിരുവനന്തപുരം: കേന്ദ്രസർക്കാർ സാമ്പത്തിക നിയന്ത്രണം തുടർന്നാൽ ഓണത്തിന് ശേഷം സംസ്ഥാനത്തെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി. ഓണച്ചെലവിനായുള്ള കടമെടുപ്പോടെ സംസ്ഥാനത്തിന് കടമെടുക്കാൻ ഈ വർഷം ബാക്കിയാകുന്നത് 2000 കോടി മാത്രമാണ്. കടുത്ത പ്രതിസന്ധിക്കിടയിലും ഓണച്ചെലവായി 19,000 കോടി രൂപ വിനിയോഗിക്കാനാകുന്നത് സർക്കാരിന് ആശ്വാസമായി.
ഇങ്ങനെയുള്ള അവസ്ഥയിലും ഓണത്തിന് മുന്നോടിയായി സാമൂഹിക ക്ഷേമ പെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അനുകൂല്യങ്ങളും നല്‍കാനായത് സര്‍ക്കാരിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഇനിയും ഓണച്ചെലവ് പൂര്‍ത്തിയാക്കാന്‍ കടം എടുക്കും. ഈ മാസം 22 ന് 2000 കോടി രൂപ കടം എടുക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ എടുത്ത കടം 18500 കോടി രൂപയായി മാറും. അതായത് ഇനി കേന്ദ്രം അനുവദിച്ചതില്‍ ബാക്കിയുള്ളത് 2021 കോടി രൂപ മാത്രമായിരിക്കും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനിയും ഏഴ് മാസം ബാക്കി കിടക്കുന്നു. അതായത് ഓണം കഴിഞ്ഞാല്‍ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക ഞെരുക്കമെന്നത് ഉറപ്പ്. കേന്ദ്രത്തിന്‍റെ കടുംവെട്ടാണ് എല്ലാത്തിനും കാരണമെന്ന് ധനമന്ത്രി തുറന്നു പറയുന്നു. ഇതിലൂടെ മാത്രം നഷ്ടമായത് 40000 കോടി രൂപയാണ്.
ഒരു ശതമാനം കൂടി കടം എടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യത്തോട് കേന്ദ്രം ഇനിയും മുഖം തിരിച്ചാല്‍ മുന്നോട്ട് പോക്ക് ദുഷ്കരമാവും. നികുതി, നികുതിയേതര വരുമാനത്തില്‍ വളര്‍ച്ചയുണ്ടാകുമ്പോഴും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് കേരളം.