ആലുവയില്‍ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ അഗ്നിബാധ. നിരവധി ഫയലുകളും ഫർണിച്ചറുകളും തീപിടിത്തത്തിൽ കത്തി നശിച്ചു. സിവിൽ സ്റ്റേഷനിലെ ഒഴിഞ്ഞ മൂലയിൽ കൂട്ടിയിട്ടിരുന്ന പേപ്പറുകൾക്ക് ആരോ തീയിട്ടതാണ് ആളിപ്പടരാൻ കാരണമായത്.
അങ്കമാലി, ഏലൂർ, ആലുവ എന്നിവിടങ്ങളിൽ നിന്നും ഫയർ യൂണിറ്റെത്തിയാണ് തീ കെടുത്തിയത്. വിദ്യാഭ്യാസ ഉദ്യേഗസ്ഥർ എത്തി പരിശോധിച്ചാലേ എന്തെല്ലാം റെക്കോർഡ്സാണ് കത്തിനശിച്ചത് എന്ന് വ്യക്തമാകൂ. ഫയലുകൾ സൂക്ഷിക്കുന്ന മുറിയാണ് പ്രധാനമായും കത്തിയത്.
അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമേഷ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് കളക്ടർ അറിയിച്ചു.