ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ഗൂഗിൾ അസിസ്റ്റന്റിന് പകരമായി ജെമിനി എഐ പ്ലാറ്റ്‌ഫോം എത്തുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. 2026 മുതലാണ് ഈ മാറ്റം നിലവിൽ വരിക. ആൻഡ്രോയിഡ് ഫോണുകൾ, ടാബ് ലെറ്റുകൾ, ഗൂഗിൾ അസിസ്റ്റന്റിന്റെ ഐഒഎസ് ആപ്പ് എന്നിവയെല്ലാം ജെമിനി എഐ കയ്യടക്കും.
2025ൽ ഈ മാറ്റം പൂർത്തിയാക്കാനാണ് ഗൂഗിൾ നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ മൈഗ്രേഷൻ പ്രക്രിയ 2026 ലും തുടരുമെന്ന് കമ്പനി പറയുന്നു. അവധിക്കാല സീസണിൽ ഉപഭോക്താക്കൾക്ക് തടസം നേരിടാതിരിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം വൈകിപ്പിച്ചത്. ഓരോ രാജ്യത്തും ഘട്ടം ഘട്ടമായിട്ടാവും അസിസ്റ്റന്റിൽ നിന്ന് ജെമിനിയിലേക്കുള്ള മാറ്റം.
ജെമിനിയുടെ വോയ്‌സ് മോഡ് ഉപയോഗിച്ചവർക്ക് അറിയാം, എത്രത്തോളം സ്വാഭാവികമായ രീതിയിലാണ് ജെമിനിയുടെ പ്രതികരണമെന്ന്. സ്വാഭാവികമായും ഗൂഗിൾ അസിസ്റ്റന്റിന് പകരം ജെമിനി എത്തുമ്പോഴുള്ള പ്രധാനമാറ്റം ആശയവിനിമയ രീതിയിൽ തന്നെയാവും.
നിലവിൽ നമ്മൾ ഒരു നിർദേശം കൊടുക്കുന്നു, അത് ഗൂഗിൾ അസിസ്റ്റന്റ് അതേപടി അനുസരിക്കുന്നു. എന്നാൽ ജെമിനി എത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ സംഭാഷണശൈലിയിലേക്ക് മാറുന്നു. സ്വാഭാവിക ഭാഷയിൽ ജെമിനിയോട് സംസാരിക്കാം, ഒപ്പം ദൃശ്യപരവും സന്ദർഭോചിതവുമായ അനുഭവം നൽകുകയും ചെയ്യും.
ഇതിനകം വെയർ ഒഎസ്, ഗൂഗിൾ ടിവി, ആൻഡ്രോയിഡ് ഓട്ടോ എന്നിവയിൽ ജെമിനി എത്തിയിട്ടുണ്ട്. ഗൂഗിളിന്റെ സ്മാർട് സ്പീക്കറുകളിലേക്കും ഡിസ്‌പ്ലേകളിലേക്കും ജെമിനി ഫോർ ഹോം ഏർലി ആക്‌സസ് പ്രോഗ്രാമിന്റെ ഭാഗമായി എത്തിച്ചുവരികയാണ്.
നോട്ട് ബുക്ക് എൽഎം, എഐ വീഡിയോ ഡിറ്റക്ഷൻ, സെമാന്റിക് സെർച്ച് ഉൾപ്പെടെയുള്ള കഴിവുകളുമായാണ് ജെമിനി എത്തുന്നത്. അസിസ്റ്റന്റിന് പകരമായി ജെമിനി എത്തുന്നതോടെ ആൻഡ്രോയിഡ് ഉപകരണങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസുള്ള ഉപകരണങ്ങളായി പരിവർത്തനം ചെയ്യപ്പെടും.
2016 ൽ ആണ് ഗൂഗിൾ അസിസ്റ്റന്റ് അവതരിപ്പിക്കപ്പെടുന്നത്. 2026 ൽ ജെമിനിയിലേക്കുള്ള മാറ്റം സംഭവിച്ചാൽ കൃത്യം ഒരു ദശാബ്ദത്തെ സേവനത്തിനാവും അന്ത്യമാവുക. ആൻഡ്രോയിഡ് ഫോണുകളിലേക്ക് ജെമിനി എത്തിക്കുന്നതോടെ തങ്ങളുടെ എഐ മോഡലിനെ കൂടുതൽ ജനകീയമാക്കാൻ ഗൂഗിളിനാവും.



