തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പണ്ട് ബോംബ് പൊട്ടുമെന്ന് പറഞ്ഞിട്ട് ഇതുവരെ പൊട്ടിയില്ലല്ലോ. അതുപോലെ നൂറും പൊട്ടുമെന്നായിരുന്നു വി.ഡി. സതീശന്റെ പരിഹാസം.
ഒരു വിസ്മയവും ഉണ്ടാകാൻ പോകുന്നില്ല. എൽഡിഎഫ് മൂന്നാമതും അധികാരത്തിലെത്തും. ഒരു സംശയവും വേണ്ട. ഏത് ബോംബ് പൊട്ടിയാലും അധികാരത്തിൽ വരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആന്റണി രാജുവിനെ അയോഗ്യനാക്കിയ സംഭവത്തിൽ എൽഡിഎഫിന് ഒരു തിരിച്ചടിയുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “നാല് പതിറ്റാണ്ടിന് മുമ്പുണ്ടായിരുന്ന വിധി വന്നതിന് എൽഡിഎഫിന് എന്ത് തിരിച്ചടിയാണ്. എൽഡിഎഫിൽ വരുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായിരുന്ന കേസിന്റെ വിധിയാണ് പുറത്തുവന്നത്. ആവശ്യമായ നിലപാട് സ്വീകരിക്കുക എന്നതാണ്. അതിൽ തിരിച്ചടിയൊന്നുമില്ല”, എം.വി. ഗോവിന്ദൻ പറഞ്ഞു.
വി. ശിവൻകുട്ടിയുമായി ബന്ധപ്പെട്ട സ്ഥാനാർഥി വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരത്തിൽ യാതൊരു വിധത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



