ഷാർജ: ഷാർജയിലെ വ്യവസായ മേഖലയിൽ തീപിടിത്തം. ബുധനാഴ്ച വൈകുന്നേരമാണ് വൻ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് കറുത്ത പുക സമീപ പ്രദേശങ്ങളിലെല്ലാം വ്യാപിച്ചു. സൈറൺ മുഴങ്ങുന്ന ശബ്ദം കേട്ടതായും തീജ്വാലകൾ ആകാശത്തേക്ക് ഉയരുന്നത് കണ്ടതായും പ്രദേശവാസികൾ പറഞ്ഞു.
വൈകിട്ട് ആറോടെ ആരംഭിച്ച തീ അതിവേഗം ശക്തി പ്രാപിക്കുകയായിരുന്നു. നിരവധി ഗോഡൗണുകൾ ഉൾപ്പെട്ട കെട്ടിട സമുച്ചയത്തിലാണ് തീ പടർന്നതെന്നാണ് സൂചന. സംഭവത്തെ തുടർന്ന് അഗ്നിശമന സേനാംഗങ്ങളും പൊലീസും ഉടൻ സ്ഥലത്തെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



