ദുബൈ: കിയേർണിയുടെ 2025 ലെ ഗ്ലോബൽ സിറ്റീസ് ഇൻഡെക്‌സിൽ മുന്നേറി ഗൾഫ് നഗരങ്ങൾ. ദുബൈ, അബൂദബി, റിയാദ്, മനാമ തുടങ്ങിയ നഗരങ്ങളാണ് സ്ഥാനം മെച്ചപ്പെടുത്തിയത്. അതേസമയം, മേഖലയിലെ മുൻനിര നഗരമെന്ന സ്ഥാനം ദുബൈ നിലനിർത്തി. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലും ജീവിത നിലവാരത്തിലും നിക്ഷേപം വർധിപ്പിച്ചതോടെയാണ് ഗൾഫ് നഗരങ്ങൾ മുന്നേറിയത്.
ഗ്ലോബൽ സിറ്റീസ് റിപ്പോർട്ട് പ്രകാരം, ജീവിതക്ഷമത, നവീകരണം, അടിസ്ഥാന സൗകര്യ നിക്ഷേപം എന്നിവയിലെ ആഗോള റാങ്കിംഗിലാണ് ഗൾഫ് നഗരങ്ങൾ മുന്നേറുന്നത്. മേഖലയിൽ ഒന്നാമതുള്ള ദുബൈ ആഗോളതലത്തിൽ 23-ാം സ്ഥാനത്തെത്തി. റിയാദ് എട്ട് സ്ഥാനങ്ങൾ മുന്നേറി 56-ാം സ്ഥാനത്തെത്തി. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെയും ആഗോള കണക്റ്റിവിറ്റിയുടെയും പിന്തുണയോടെയാണ് മുന്നേറ്റം. ബഹ്റൈന്റെ തലസ്ഥാനമായ മനാമ പത്ത് സ്ഥാനങ്ങൾ മുന്നേറി 125-ാം സ്ഥാനത്തെത്തി.



