റിയാദ്: റിയാദിൽ നടക്കാനിരിക്കുന്ന എക്സ്പോ 2030-മായി ബന്ധപ്പെട്ട എല്ലാ മെഗാ പ്രോജക്റ്റുകളും 2030ന് മുൻപ് തന്നെ പൂർത്തിയാക്കുമെന്ന് എക്സ്പോയുടെ സിഇഒ തലാൽ അൽ മർറി. ദിരിയ്യ, ഖിദ്ദിയ്യ, കിങ് സൽമാൻ പാർക്ക്, റിയാദ് സ്‌പോർട്‌സ് ട്രാക്ക് തുടങ്ങിയ സുപ്രധാന പദ്ധതികൾ ഇതിൽ ഉൾപ്പെടും. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോൺഫറൻസിന്റെ ഭാഗമായി നടന്ന ‘ഒരു ലോകോത്തര എക്സ്പോ എങ്ങനെ നിർമിക്കാം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 4.2 കോടിയിലധികം സന്ദർശകർ എക്സ്പോ 2030ൽ എത്തിച്ചേരുമെന്നും, ലോകത്തിന് മുന്നിൽ ഒരു സാംസ്‌കാരിക പൈതൃകം കാഴ്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷാവസാനത്തോടെ എക്സ്പോയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി ദൃശ്യമാകും. എക്സ്പോ സൈറ്റിനെ വിമാനത്താവളവുമായും നഗരവുമായും ബന്ധിപ്പിക്കുന്ന റെയിൽവേ, പുതിയ കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ റിയാദിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സ്പോയുടെ മൂന്ന് പ്രധാന മേഖലകളായ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക തലങ്ങളിൽ എക്സ്പോ അതിന്റെ പ്രാരംഭ ലക്ഷ്യങ്ങൾക്കപ്പുറം വളരുമെന്നും ആയിരത്തിലധികം നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സിഇഒ പ്രത്യാശ പ്രകടിപ്പിച്ചു.
എക്സ്പോക്ക് ആതിഥേയത്വം വഹിക്കാൻ അനുയോജ്യമായ സ്ഥലമാണ് റിയാദെന്നും, ലോകജനസംഖ്യയുടെ ഏകദേശം 50% പേർക്കും അഞ്ച് മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്ന അതുല്യമായ ഭൂമിശാസ്ത്രപരമായ സ്ഥാനം റിയാദിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.



