കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതി മൂന്നാംഘട്ടത്തിൻ്റെ 88 ശതമാനം പൂർത്തിയായതായി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഇക്കാര്യം അറിയിച്ചത്.14 മാസത്തിനുള്ളിൽ കിഴക്കൻ റൺവേ പുനർനിർമിക്കാൻ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. പുതിയ പാസഞ്ചർ ടെർമിനൽ (T2) പ്രവർത്തനക്ഷമമാകുന്നതിന് മുന്നോടിയായി വ്യോമഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തലാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എയർ നാവിഗേഷൻ സംവിധാനങ്ങളും മൂന്ന് റൺവേകളും ഉൾപ്പെടുത്തി 11 ഉപപദ്ധതികൾ നടപ്പിലാക്കുന്നതായി ഡിജിസിഎ ഡയറക്ടർ എൻജിനീയർ അഹമ്മദ് ഹുസൈൻ അറിയിച്ചു.



