ബഹ്‌റൈനിൽ പ്രവാസികളുടെ വിസ നടപടികളിൽ മാറ്റം വേണമെന്ന ആവശ്യവുമായി പാർലമെൻ്റ് അംഗങ്ങൾ. ജോലി തേടിയെത്തുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് മുൻപ് തന്നെ കർശനമായി പരിശോധിക്കണമെന്ന് ആവശ്യം. ഈ നിർദ്ദേശം അടുത്ത ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും.
വ്യാജ രേഖകൾ തടയുന്നതിനും തൊഴിൽ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങളാണ് പാർലമെൻ്റ് അംഗങ്ങൾ മുന്നോട്ടുവച്ചിട്ടുള്ളത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗിക സ്ഥാപനങ്ങളും ഏകോപിച്ച് പ്രവർത്തിക്കണമെന്നാണ് ഇതിലെ പ്രധാന ആവശ്യം.



