ഷാര്‍ജയിലെ താമസക്കാര്‍ക്ക് വാടകയിലെ പിഴയില്‍ നിന്ന് ഇളവ് നേടാന്‍ അവസരം. കാലഹരണപ്പെട്ടതും അംഗീകാരമില്ലാത്തതുമായ പാട്ടക്കരാറുകള്‍ തീര്‍പ്പാക്കുന്നതിനായാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാര്‍ജയിലെ വാടകക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ടാണ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കാലഹരണപ്പെട്ടതും അംഗീകാരമില്ലാത്തതുമായ പാട്ടക്കരാറുകള്‍ തീര്‍പ്പാക്കുന്നതിന് 50 ശതമാനം വരെയാണ് ഫീസ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 സെപ്തംബര്‍ 19-ന് മുമ്പ് കാലഹരണപ്പെട്ടതും ഇതുവരെ അംഗീകാരം ലഭിക്കാത്തതുമായ കരാറുകള്‍ക്ക് ഇളവ് ലഭിക്കും. പുതിയ ഉത്തരവ് പ്രകാരം അഡ്മിനിസ്‌ട്രേറ്റീവ് പിഴ പൂര്‍ണ്ണമായും ഒഴിവാക്കും. അടുത്ത മാസം ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് പിഴകള്‍ തീര്‍പ്പാകാന്‍ സമയം അനുവദിച്ചിരിക്കുന്നത്.
പാര്‍പ്പിടം, വാണിജ്യം, വ്യവസായം, നിക്ഷേപം എന്നിങ്ങനെയുള്ള എല്ലാത്തരം പാട്ടക്കരാറുകള്‍ക്കും ആനുകൂല്യം ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു. ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗമാണ് സുപ്രധാനമായ തീരുമാനം കൈകൊണ്ടത്.



