ദുബായ്: ഗൾഫുഡ് ഫുഡ് ഫെസ്റ്റിവൽ ദുബായിൽ പുരോഗമിക്കുന്നു. വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നുളള കമ്പനികളുടെ സാനിധ്യം ശ്രദ്ധേയമാവുകയാണ്. 125 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം സ്ഥാപനങ്ങളാണ് വേൾഡ്ട്രേഡ് സെന്ററിലെ മേളയിൽ പങ്കെടുക്കുന്നത്.
ഇത്തവണത്തെ മേളയിൽ ഇന്ത്യൻ കമ്പനികളും ശ്രദ്ധേയ സാനിധ്യമാവുകയാണ്. ഇന്ത്യൻ പവിലിയനുകളുടെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യോൽപാദന വ്യവസായ വകുപ്പ് മന്ത്രി പശുപതി കുമാർ പറസാണ് നിർവഹിച്ചത്. സുഗന്ധവ്യഞ്ജനങ്ങൾ, പാൽ ഉൽപന്നങ്ങൾ, പാനീയങ്ങൾ, ധാന്യം, പ്രധാന കമ്പനികളുടെ ഉൽപന്നങ്ങൾ തുടങ്ങിയവയാണ് പവിലിയനിലുള്ളത്. വലിയ പ്രതീക്ഷയാണ് ഇത്തവണത്തെ മേള നൽകുന്നതെന്നും ഇന്ത്യയിൽ പുതിയ ഫാക്ടറി തുടങ്ങാനായി തയ്യാറെടുക്കുകയാണെന്നും ആർകെജി മിഡിൽ ഈസ്റ്റിലെ വ്യാപാര എക്സ്പോർട്ട് ഡയറക്ടർ ആർകെജി അറിയിച്ചു.
വിവിധ കമ്പനികൾ പരസ്പരം ചർച്ചചെയ്യാനും സഹകരണ കരാറുകളിലെത്താനും മേളയെ ഉപയോഗപ്പെടുത്തുന്നതിന് കൂടിക്കാഴ്ചകൾ ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പാക്കേജിങ് മേഖലയിൽ വന്ന വിപ്ലവകരമായ മാറ്റങ്ങൾ എന്നിവയെല്ലാം കൃത്യമായി അറിയാനുളള അവസരം ഗൾഫുഡ് ഒരുക്കിയിട്ടുണ്ട്.