കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടിന് പിന്നാലെ മറ്റൊരു പുതിയ റിപ്പോര്‍ട്ടുമായി ഹിന്‍ഡന്‍ബര്‍ഗ്. ഡിജിറ്റര്‍ പേയ്‌മെന്റ് കമ്പനി ബ്ലോക്കിലെ ക്രമക്കേടാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പുതിയ ആരോപണം. പേയ്‌മെന്റ് കമ്പനി തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയതായി റിപ്പോര്‍ട്ട് പറയുന്നു. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ബ്ലോക്കിന്റെ ഓഹരിമൂല്യത്തില്‍ വിപണിയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് ഡോസിയാണ് ഈ കമ്പനിയുടെ തലവന്‍.
ഒറ്റ ഉപയോക്താവിന്റെ പേരില്‍ തന്നെ നിരവധി അഡീഷണല്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്തത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകളാണ് റിപ്പോര്‍ട്ടിലൂടെ ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. 40 മുതല്‍ 75 ശതമാനം വരെ വ്യാജ അക്കൗണ്ടുകളാണ് ബ്ലോക്കിലുള്ളതെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കണക്കുകള്‍ പെരുപ്പിച്ച് കാട്ടി നിക്ഷേപകരെ സ്ഥാപനം വഞ്ചിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഹിന്‍ഡന്‍ബര്‍ഗ് ബ്ലോക്കിനെതിരെ ഉയര്‍ത്തിവിട്ടിരിക്കുന്നത്.
40 ശതമാനത്തോളം അക്കൗണ്ടുകള്‍ വ്യാജമാണെന്ന് ബ്ലോക്കിലെ മുന്‍ ജീവനക്കാര്‍ തന്നെ അറിയിച്ചിട്ടുണ്ടെന്നാണ് പുതിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ളത്. മുന്‍ ജീവനക്കാരുമായി നിരവധി അഭിമുഖങ്ങള്‍ നടത്തിയും റെക്കോര്‍ഡുകള്‍ പരിശോധിച്ചുമാണ് ബ്ലോക്കിനെതിരെ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും അമേരിക്കന്‍ ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് വ്യക്തിമാക്കി.