ന്യൂഡൽഹി: ചൈനയുൾപ്പെടെ ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത് എളുപ്പമാക്കി കേന്ദ്ര സർക്കാർ. ഇതിനായി ഈ രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) ചട്ടങ്ങളിൽ മാറ്റം വരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്. പുതിയ പരിഷ്‌കാരം അനുസരിച്ച്, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് ഇന്ത്യൻ കമ്പനികളിൽ 10 ശതമാനം വരെ ഉടമസ്ഥാവകാശം ഉണ്ടെങ്കിൽ, സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ കൂടുതൽ നിക്ഷേപം നടത്താം. മുൻപ് ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള ഒരു ഓഹരി നിക്ഷേപത്തിന് പോലും നിർബന്ധിത സർക്കാർ അനുമതി ആവശ്യമായിരുന്നു.
ക്യാപിറ്റൽ ഗുഡ്സ്, ഇലക്ട്രോണിക് ഘടകങ്ങൾ, പോളിസിലിക്കൺ തുടങ്ങിയ തന്ത്രപ്രധാനമായ നിർമ്മാണ മേഖലകളിൽ സംയുക്ത സംരംഭങ്ങൾ രൂപീകരിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതിനും 60 ദിവസത്തിനുള്ളിൽ അനുമതി നൽകുന്ന രീതി സർക്കാർ നടപ്പിലാക്കും. എന്നിരുന്നാലും, ഇത്തരം കമ്പനികളുടെ ഭൂരിഭാഗം ഉടമസ്ഥാവകാശവും നിയന്ത്രണവും ഇന്ത്യൻ പൗരന്മാരുടെയോ കമ്പനികളുടെയോ കൈകളിൽ തന്നെയായിരിക്കണമെന്നതാണ് വ്യവസ്ഥ.
കോവിഡ് കാലത്ത് ഇന്ത്യൻ കമ്പനികളെ അയൽരാജ്യങ്ങൾ ഏറ്റെടുക്കുന്നത് തടയാൻ 2020-ൽ കൊണ്ടുവന്ന ‘പ്രസ് നോട്ട് 3’ (Press Note 3) എന്ന ചട്ടത്തിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്. 2020-ലെ ഗാൽവൻ താഴ്വരയിലെ സംഘർഷത്തിന് പിന്നാലെയാണ് ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് ഇന്ത്യ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്ക് തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നീക്കങ്ങൾ. ‘ആത്മനിർഭർ ഭാരത്’, ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ എന്നീ പദ്ധതികളെ ശക്തിപ്പെടുത്താനും ആഭ്യന്തര നിർമ്മാണ മേഖലയെ ഉത്തേജിപ്പിക്കാനും ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നു
അതേസമയം, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ തന്ത്രപ്രധാന കാര്യങ്ങളിലെ വിദഗ്ധനായ ബ്രഹ്‌മ ചെല്ലാനി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. സെൻസിറ്റീവ് മേഖലകളിലെ ചൈനീസ് നിക്ഷേപം ഇന്ത്യയുടെ നയരൂപീകരണത്തിൽ ചൈനയ്ക്ക് സ്വാധീനം നൽകിയേക്കാമെന്നും ഇത് 2020-ൽ സ്വീകരിച്ച നിലപാടിൽ നിന്നുള്ള പിന്നോട്ടുപോക്കാണെന്നും അദ്ദേഹം വിമർശിച്ചു.



