ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ മുന്നണി. വിവിധ സംസ്ഥാനങ്ങളിൽ ഇൻഡ്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ നടക്കും. രാജ്യ വ്യാപക പ്രതിഷേധത്തിന് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ഇന്ത്യ മുന്നണിയുടെ ഇന്നലത്തെ മാർച്ചിന് വലിയ ജന പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
ബീഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടക്കും. ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും മാർച്ചിൽ പങ്കെടുക്കും. വിവിധ വോട്ടു കൊള്ളയുടെ തെളിവുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം.



