മുംബൈ: ആപ്പിൾ പോലെ ഇന്ത്യക്കു സ്വന്തമായൊരു സ്മാർട്‌ഫോൺ ബ്രാൻഡ് വരുമോ? അധികം വൈകാതെ ഇതു യാഥാർഥ്യമാകുമെന്നാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് വിവര സാങ്കേതികവിദ്യ വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ഇലക്ട്രോണിക്സ് മേഖലയിൽ രാജ്യത്ത് മികച്ച പശ്ചാത്തല സൗകര്യങ്ങളായിട്ടുണ്ട്. ഇപ്പോൾ സ്വന്തം ഇലക്ട്രോണിക്‌സ് ബ്രാൻഡും ഉപകരണങ്ങളും പരിഗണിക്കാൻ സമയമായെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മൊബൈൽ ഫോൺ സ്വന്തമായി ഉത്പാദിപ്പിക്കുന്നതിന് ആയിരക്കണക്കിന് പ്രക്രിയകളുണ്ട്. രാജ്യത്തെ ഇലക്ട്രോണിക്‌സ് ഇക്കോസിസ്റ്റം കരുത്താർജിച്ചുകഴിഞ്ഞു. ഇന്ത്യയുടെ സ്വന്തം ബ്രാൻഡ് എന്നതിൽ ഗൃഹപാഠം ചെയ്തുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ ഇതു യാഥാർഥ്യമാകും. അടുത്ത ഒന്നരവർഷത്തിനകം ഇതു യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.
സാങ്കേതികവിദ്യയിലും പശ്ചാത്തല സൗകര്യങ്ങളിലും സ്വയംപര്യാപ്തമായ മുന്നേറ്റമാണ് ഇന്ത്യ വിഭാവനം ചെയ്യുന്നത്. 2030-ഓടെ ഏഴു നാനോമീറ്റർ ചിപ്പുകൾ നിർമിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2032-ഓടെ മൂന്നു നാനോമീറ്റർ ചിപ്പുകളും. അർധചാലക മേഖലയിൽ അതിവേഗ മുന്നേറ്റമാണ് രാജ്യത്തു നടന്നുവരുന്നത്. ചിപ്പ് നിർമാതാക്കളായ എഎസ്എംഎൽ കമ്പനിയുടെ നെതർലൻഡ്‌സ് ആസ്ഥാനത്ത് വൈഷ്ണവ് കഴിഞ്ഞദിവസം സന്ദർശനം നടത്തി.
ചിപ്പുകളിലെ സർക്യൂട്ടുകൾ പ്രിന്റ് ചെയ്യുന്നതിനുള്ള ലിത്തോഗ്രഫി സാങ്കേതിക വിദ്യയിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണിത്. അതിസങ്കീർണമായ ലിത്തോഗ്രഫി ഉപകരണങ്ങൾ ആഗോളതലത്തിൽ ലഭ്യമാക്കിവരുന്നു. ഇന്ത്യയിൽ ധൊലേറയിൽ നിർമിക്കുന്ന ചിപ്പ് ഫാബ്രിക്കേഷൻ യൂണിറ്റിൽ എഎസ്എംഎൽ ഉപകരണങ്ങളാകും സ്ഥാപിക്കുകയെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ചിപ്പ് നിർമാണ മേഖലയിൽ ഇന്ത്യയുമായി പങ്കാളിത്തത്തിനും കമ്പനി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.



