തിരുവനന്തപുരം: ഹോം ഗ്രൗണ്ടിൽ സഞ്ജു സാംസൺ നിരാശ സമ്മാനിച്ചെങ്കിലും ഇഷാൻ കിഷനും അർഷ്ദീപ് സിങ്ങും തിളങ്ങിയതോടെ ന്യൂസീലൻഡിനെതിരായ കാര്യവട്ടം ടി20-യിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 46 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യ ഉയർത്തിയ 272 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 19.4 ഓവറിൽ 225 റൺസിന് ഓൾഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യ ലോകകപ്പ് ഒരുക്കം ഗംഭീരമാക്കി.
നാല് ഓവറിൽ 51 റൺസ് വഴങ്ങിയെങ്കിലും അഞ്ചു വിക്കറ്റെടുത്ത അർഷ്ദീപാണ് കിവീസിനെ തകർത്തത്. അക്ഷർ പട്ടേൽ 33 റൺസിന് മൂന്നു വിക്കറ്റെടുത്തു.
ഇന്ത്യ ഉയർത്തിയ 272 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ടിം സെയ്‌ഫേർട്ടിനെ (5) നഷ്ടമായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഫിൻ അലൻ – രചിൻ രവീന്ദ്ര സഖ്യം ഇന്ത്യയെ വിറപ്പിച്ചു. 48 പന്തിൽ നിന്ന് 100 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ സഖ്യം പിരിച്ചത് അക്ഷർ പട്ടേലായിരുന്നു. 38 പന്തിൽ നിന്ന് 80 റൺസെടുത്ത അലൻ അപകടകാരിയായി മാറുമ്പോഴായിരുന്നു അക്ഷറിന്റെ വരവ്. ആറ് സിക്‌സും എട്ട് ഫോറുമടങ്ങുന്നതായിരുന്നു അലന്റെ ഇന്നിങ്‌സ്. പിന്നാലെ അപകടകാരിയായ ഗ്ലെൻ ഫിലിപ്‌സിനെയും (7) മടക്കിയ അക്ഷർ കിവീസിനെ പ്രതിരോധത്തിലാക്കി.
തുടർന്ന് 12-ാം ഓവറിൽ രചിൻ രവീന്ദ്രയേയും മിച്ചൽ സാന്റ്‌നറേയും (0) മടക്കിയ അർഷ്ദീപ് സിങ് കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാക്കി. 17 പന്തിൽ നിന്ന് 30 റൺസെടുത്താണ് രചിൻ മടങ്ങിയത്. രണ്ട് വീതം സിക്‌സും ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഡാരിൽ മിച്ചൽ 12 പന്തിൽ നിന്ന് 26 റൺസെടുത്ത് പുറത്തായി. ബെവോൺ ജേക്കബ്‌സ് (7), കൈൽ ജാമിസൺ (9), ലോക്കി ഫെർഗൂസൻ (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. വാലറ്റത്ത് തകർത്തടിച്ച ഇഷ് സോധി 15 പന്തിൽ നിന്ന് 33 റൺസെടുത്തു.



