ന്യൂഡൽഹി: പ്രതിരോധ രംഗത്തെ പല സാങ്കേതിക വിദ്യകളും പലപ്പോഴും പ്രകൃതിയിൽനിന്ന് ആശയം ഉൾക്കൊണ്ട് വികസിപ്പിച്ചവയാണ്. റഡാറുകളും യുദ്ധവിമാനങ്ങളുമൊക്കെ പ്രകൃതിയിലെ ജീവജാലങ്ങളുടെ പ്രവർത്തനവും സ്വഭാവവും ഒക്കെ വിലയിരുത്തി മനുഷ്യർ സ്വന്തമായി ആശയത്തെ വികസിപ്പിച്ചെടുത്തവയാണ്. ഇപ്പോഴിതാ കടലിലെ നീരാളികളെ അനുകരിക്കുന്ന പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനേപ്പറ്റി ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ് നാവികസേന. പ്രകൃതിയിൽ നിന്നുള്ള എൻജിനീയറിങ് പരിഹാരങ്ങൾ സാങ്കേതിക വിദ്യയിൽ പ്രയോഗിക്കുന്ന ‘ബയോമിമിക്രി’ (Biomimicry) എന്ന രീതിയിലൂടെ കൂടുതൽ കരുത്തുറ്റ പ്രതിരോധ പ്ലാറ്റ്ഫോമുകൾ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇത്തരത്തിൽ ഭാവിയിലെ മനുഷ്യനിയന്ത്രിതവും അല്ലാത്തതുമായ സമുദ്ര പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി നീരാളിയുടെ ജീവശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ച് പഠിക്കാൻ പ്രതിരോധ ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ് നാവിക സേന. നീരാളികളുടെ ശരീരത്തിന്റെ അസാമാന്യമായ വഴക്കം (Flexibility), ഇടുങ്ങിയ സ്ഥലങ്ങളിലൂടെ പോലും ചുരുങ്ങിക്കൂടി കടന്നുപോകാനുള്ള കഴിവ്, കടലിനടിയിലെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ തടസ്സങ്ങളില്ലാതെ നീങ്ങാനും മാറുന്ന സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാനുമുള്ള ശേഷി എന്നിവയേപ്പറ്റിയാകും പഠിക്കുക. നീരാളികളുടെ ഈ സവിശേഷത മറ്റ് സമുദ്ര ജീവികൾക്കിടയിൽ സമാനതകളില്ലാത്തവയാണ്. ഭാവിയിലെ അണ്ടർവാട്ടർ ഡ്രോണുകളുടെയും ഇൻസ്‌പെക്ഷൻ റോബോട്ടുകളുടെയും രൂപകൽപ്പനയിൽ ഈ പഠനങ്ങൾ പ്രധാന പങ്കുവഹിക്കും.
ഈ സവിശേഷതകളെ മനസിലാക്കുന്നത് പ്രതിരോധ രംഗത്തെ പ്രധാനപ്പെട്ട മറ്റ് ചില മേഖലകളിലും ഉപകരിക്കുമെന്ന് നാവികസേന കരുതുന്നത്. ശരീരത്തിന്റെ നിറം, ഉപരിതല ഘടന, ഊഷ്മാവ് എന്നിവ പെട്ടെന്ന് മാറ്റാനുള്ള നീരാളികളുടെ കഴിവ് സ്‌റ്റെൽത്ത് അണ്ടർവാട്ടർ ഡ്രോണുകളുടെ വികസനത്തെ സഹായിക്കും. ശത്രുക്കളുടെ നിരീക്ഷണ സംവിധാനങ്ങളിൽ (Visual, Infrared, Thermal) നിന്ന് രക്ഷപെടാൻ സഹായിക്കുന്ന നൂതന കവചങ്ങൾ നിർമ്മിക്കാൻ പ്രചോദനമാകും. ശത്രുമേഖലകളിൽ എതിരാളികളുടെ നിരീക്ഷണത്തിൽ പെടാതെ കഴിയാൻ ഇത്തരം സവിശേഷതകൾ സഹായിക്കും.
മറ്റ് ജീവജാലങ്ങളിൽനിന്ന് വ്യത്യസ്തമായി നീരാളികളുടെ ബഹുഭൂരിപക്ഷം നാഡീകോശങ്ങളും തലച്ചോറിലല്ല, മറിച്ച് അതിന്റെ കൈകളിലാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഈ രീതിയിലുള്ള പഠനം ഭാവിയിലെ ഡ്രോൺ സ്വാമുകളുടെ പ്രവർത്തനത്തെ നവീകരിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. കേന്ദ്രീകൃതമായ ഒരു സംവിധാനത്തിന് കീഴിലല്ലാതെ ഓരോ സിസ്റ്റവും സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം തീരുമാനങ്ങളെടുത്ത് സങ്കീർണമായ ദൗത്യങ്ങൾ നിർവഹിക്കുന്ന അണ്ടർവാട്ടർ ഡ്രോണുകളുടെ വികസനത്തിന് പഠനം സഹായിക്കും. കൂട്ടമായി പ്രവർത്തിക്കുമ്പോഴും ഓരോഡ്രോണുകളും സ്വതന്ത്രമായി തീരുമാനമെടുക്കുകയും ആവശ്യമെങ്കിൽ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗതമായ രൂപകൽപ്പനയിൽ നിന്ന് മാറി കൂടുതൽ കാര്യക്ഷമമായ അത്യാധുനിക അണ്ടർ വാട്ടർ പ്ലാറ്റ്‌ഫോമുകളുടെ വികസനത്തിന് നീരാളികളേപ്പറ്റിയുള്ള പഠനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഭാവി സമുദ്ര പ്രതിരോധ സംവിധാനങ്ങളിൽ പ്രത്യേകിച്ച് അന്തർവാഹിനികളുടെയും സ്വയം നിയന്ത്രിത സംവിധാനങ്ങളുടെയും നിർമ്മാണത്തിൽ പഠനങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തും.



