അബുദാബി: അബുദാബിയിൽ നിന്നും ഇന്ത്യയിലേക്ക് ഇൻഡിഗോ എയർലൈൻസ് ഒരു സർവീസ് കൂടി ആരംഭിക്കുന്നു. മധുരയിലേക്കാണ് നേരിട്ടുള്ള ഒരു സർവീസ് കൂടി ആരംഭിച്ചിരിക്കുന്നത്. ജൂൺ 13നായിരിക്കും സർവീസ് ആരംഭിക്കുന്നത്. ഇൻഡിഗോ അബുദാബിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 16ാമത്തെ ഇന്ത്യൻ നഗരമാണ് മധുര.
ഇന്ത്യയിലെ ഭുവനേശ്വർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഇൻഡിഗോ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മധുരയിലേക്കും സർവീസ് തുടങ്ങുന്നതിന്റെ പ്രഖ്യാപനം എയർലൈൻസ് അധികൃതർ നടത്തിയത്. ആഴ്ചയിൽ മൂന്ന് തവണയായിരിക്കും അബുദാബി-മധുര സർവീസുകൾ ഉണ്ടാകുന്നത്. അവധിക്കാല തിരക്കും ടിക്കറ്റ് നിരക്ക് വർധനയും കണക്കിലെടുത്ത് പുതിയ സർവീസ് ഇന്ത്യക്കാരായ യാത്രക്കാരെ സംബന്ധിച്ച് ആശ്വാസകരമായിരിക്കുമെന്നാണ് എയർലൈൻസ് കമ്പനി അധികൃതർ അറിയിച്ചത്.



