ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി രൂപ പിഴ ചുമത്തി.
യാത്രികർക്കുണ്ടായ വ്യാപകമായ ബുദ്ധിമുട്ടുകൾക്ക് കാരണമായ വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലെ വീഴ്ചകൾ വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.
ഡിസംബർ 3 മുതൽ 5 വരെയുള്ള കാലയളവിൽ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ നടപടി അന്വേഷിക്കാൻ ഡിജിസിഎ നാലംഗ സമിതി രൂപീകരിച്ചിരുന്നു. ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്. ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തു. ഇതുമൂലം വിവിധ വിമാനത്താവളങ്ങളിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർക്ക് കുടുങ്ങിക്കിടന്നുവെന്നും ഡിജിസിഎയുടെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്.
സമിതി വിശദമായ അന്വേഷണം നടത്തുകയും ഇൻഡിഗോ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് പ്ലാനിംഗ്, റോസ്റ്ററിംഗ്, സോഫ്റ്റ്വെയർ എന്നിവയെക്കുറിച്ച് സമഗ്രമായി പഠിക്കുകയും ചെയ്തതായി ഡിജിസിഎ അറിയിച്ചു.
പ്രവർത്തനങ്ങളുടെ അമിതമായ ഒപ്റ്റിമൈസേഷൻ, മതിയായ തയ്യാറെടുപ്പ് ഇല്ലായ്മ, സിസ്റ്റം സോഫ്റ്റ്വെയർ സപ്പോർട്ടിലെ കുറവുകൾ, മാനേജ്മെന്റ് ഘടനയിലെയും പ്രവർത്തനപരമായ നിയന്ത്രണത്തിലെയും പോരായ്മകൾ എന്നിവയാണ് തടസ്സത്തിന്റെ പ്രധാന കാരണങ്ങളെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. പിഴ കൂടാതെ ഇൻഡിഗോയ്ക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഏർപ്പെടുത്തിയിട്ടുണ്ട്.



