ശ്രീഹരിക്കോട്ട: സൈനിക സേവനങ്ങൾക്ക് കരുത്ത് പകരുന്ന വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ. ലോഞ്ച് വെഹിക്കിൾ മാർക്ക് 3-എം5 റോക്കറ്റാണ് 4,400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിൽനിന്ന് ഞായറാഴ്ച വൈകീട്ട് 5.26ന് ഉപഗ്രഹവുമായി റോക്കറ്റ് കുതിച്ചുയർന്നു. കാലവസ്ഥ അനുകൂലമായതിനാൽ കൃത്യസമയത്ത് വിക്ഷപണം നടന്നു.
ഇരുപത്തിനാല് മണിക്കൂർ നീണ്ടുനിന്ന കൗണ്ട്ഡൗണിന് ശേഷമാണ് 43.5 മീറ്റർ നീളമുള്ള മാർക്ക് 3-എം5 റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപിച്ച് ഇരുപത് മിനിറ്റിനുള്ളിൽ സിഎംഎസ്-03 ഉപഗ്രഹം റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെട്ട് ഭ്രമണപഥത്തിലെത്തി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-03.
ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിച്ച ‘ബാഹുബലി എന്നറിയപ്പെടുന്ന എൽവിഎം3-എം5(LVM3-M5) റോക്കറ്റാണ് വിക്ഷേപണ വാഹനം. ആദ്യ സൈനിക വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 7-ന്റെ കാലാവധി തീർന്നതിനെത്തുടർന്നായിരുന്നു സിഎംഎസ് 03 ന്റെ നിർമാണം. ജിസാറ്റ് 7ൽ ഉള്ളതിനെക്കാൾ അത്യാധുനിക സംവിധാനങ്ങൾ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. ദേശസുരക്ഷയിൽ നിർണായകമായ പങ്കുവഹിക്കുന്നതാണ് ഈ വിക്ഷേപണം.
വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കാതെ പ്രതിരോധ വാർത്താവിനിമയത്തിന് തദ്ദേശീയ സംവിധാനം പ്രയോജനപ്പെടുത്താമെന്നതാണ് വലിയ നേട്ടം. ഇന്ത്യൻ ഉപഭൂഖണ്ഡവും അതിനു ചുറ്റമുള്ള സമുദ്രഭാഗങ്ങളും നിരീക്ഷണപരിധിയിൽ വരും.



