ബെംഗളൂരു: ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന അപകടകരമായ കോസ്മിക് പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആർഒ. 2024 ജനുവരിയിൽ വിക്ഷേപിച്ച പിഎസ്എൽവി ഓർബിറ്റൽ എക്‌സ്പെരിമെന്റ് മൊഡ്യൂളിന്റെ (പോയം) ഭാഗമായ ‘ഡെക്സ്’ (ഡസ്റ്റ് എക്‌സിപെരിമെന്റ്) ആണ് നിർണായക കണ്ടെത്തൽ നടത്തിയത്.
ചൊവ്വ, ശുക്രൻ തുടങ്ങിയ മറ്റു ഗ്രഹങ്ങളുടെയിടയിലുള്ള സൂക്ഷ്മപൊടിപടലങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ ആയിരം സെക്കൻഡിലും കുതിച്ചെത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ധൂമകേതുക്കളിൽനിന്നും ഛിന്നഗ്രഹങ്ങളിൽനിന്നുമുള്ള സൂക്ഷ്മമായ പൊടിപടലങ്ങളാണിവയെന്ന് ഐഎസ്ആർഒ വ്യക്തമാക്കുന്നു. അവ ഭൂമിയുടെ അന്തരീക്ഷത്തിൽ നിഗൂഢമായ ഉൽക്കപ്പാളിയായി രൂപപ്പെടുന്നു. ഇവ രാത്രിയിൽ നക്ഷത്രങ്ങളെപ്പോലെ തിളങ്ങും.
ബഹിരാകാശത്തുനിന്നുള്ള സൂക്ഷ്മ പൊടികണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തെ എത്രമാത്രം ബാധിക്കുമെന്നതിലുള്ള സുപ്രധാന വിവരങ്ങളാണിതിലുള്ളത്. ഭാവിയിൽ ബഹിരാകാശ ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഈ കണ്ടെത്തൽ സഹായകമാവും. ബഹിരാകാശ ഉപകരണങ്ങളുടെ സുരക്ഷാകാര്യത്തിലും നിർണായകമാണിത്.
അഹമ്മദാബാദിലെ ഐഎസ്ആർഒയുടെ ഫിസിക്കൽ റിസർച്ച് ലബോറട്രി (പിആർഎൽ) രൂപകല്പനചെയ്ത ഉപകരണമാണ് ‘ഡെക്സ്’. വെറും നാലര വാട്സ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഉപകരണമാണിത്. ഭൂമിയിൽനിന്ന് 350 കിലോമീറ്റർ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം.



