പുത്രവാല്‍സല്യത്തില്‍ എല്ലാം മറക്കുന്ന എലിസബത്ത് ആന്റണിയെയും മറന്നോ?
ജെയിംസ് കൂടല്‍
നിശബ്ദത എപ്പോഴും ഒരു മറുപടിയല്ല. മൗനത്തിന്റെ കമ്പളം നീക്കി പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം. കേരള രാഷ്ട്രീയത്തില്‍ എപ്പോഴും മൗനം മറുപടിയായി കൊണ്ടു നടന്ന വ്യക്തിത്വമാണ് എ. കെ. ആന്റണി. അദ്ദേഹത്തെ ആളുകള്‍ കൂടുതല്‍ വിമര്‍ശിച്ചതും അതുകൊണ്ടുതന്നെയായിരുന്നു. അതിന്റെ ഒരു തുടര്‍ച്ചയാണ് നിലവിലും നാം കാണുന്നത്. പക്ഷെ ഉഴുതുമറിഞ്ഞ പുതിയ സമൂഹം അതിനെ എങ്ങനെ സമീപിക്കുന്നുവെന്ന് അങ്ങ് എന്തേ ചിന്തിക്കാതെ പോകുന്നു? മകന്റെ ബിജെപി പ്രവേശനവും എലിസബത്ത് ആന്റണിയുടെ കൃപാസനം പ്രാര്‍ത്ഥനയുമൊക്കെ നാണംകേടുണ്ടാക്കുന്നത് എ. കെ.ആന്റണിക്കു മാത്രമല്ലല്ലോ. അതുകൊണ്ടുതന്നെ സ്വന്തം കുടുംബത്തില്‍ നിന്നുണ്ടാകുന്ന ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ക്കെതിരെ പ്രതികരിക്കാനുള്ള ബാധ്യത എ. കെ. ആന്റണിക്കുണ്ടെന്ന് അദ്ദേഹം മറക്കരുത്.
കേരള രാഷ്ട്രീയത്തിലെ ആദര്‍ശത്തിന്റെ ആള്‍രൂപമാണ് എ. കെ. ആന്റണി. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ പൊതുപ്രവര്‍ത്തകര്‍ എന്നും മാതൃകയാക്കാന്‍ ആഗ്രഹിച്ചതും. ആന്റണിയുടെ വളര്‍ച്ചയുടെ കാരണവും അതായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആ നന്മയുടെ ആദര്‍ശവുമൊന്നും സ്വന്തം വീട്ടില്‍ പുലര്‍ത്താന്‍ അദ്ദേഹത്തിനെ കഴിയാതെ പോയത്? അനില്‍ ആന്റണിയുടെ ആദ്യകാലത്തെ രാഹുല്‍ ഗാന്ധിവിമര്‍ശനവും പിന്നീടുള്ള കൂറുമാറ്റവുമൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പ്രസ്ഥാനത്തെയും കുറച്ചൊന്നുമല്ല മുറിവേല്‍പ്പിച്ചത്. ഒടുവില്‍ എല്ലാം അവസാനിച്ചു എന്നു കണക്കുകൂട്ടിയപ്പോഴിതാ എലിസബത്ത് ആന്റണിയുടെ പുതിയ വെളിപ്പെടുത്തലുകള്‍. ശത്രുപാളയത്തിലുള്ളവര്‍ക്ക് പൊട്ടിച്ചിരിക്കാന്‍ ഇതിലും വലിയൊരു വക വേണ്ടല്ലോ.
നിലയും വിലയും മറന്നാണ് എലിസബത്ത് ആന്റണി ഇത്തരമൊരു പ്രചരണം നടത്തിയതെന്നതാണ് ഖേദകരം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പുതിയ യുദ്ധത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമ്പോഴാണ് പ്രധാനപ്പെട്ട നേതാവിന്റെ ഭാര്യയില്‍ നിന്ന് ഇത്തരം ബാലിശമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്. പ്രാര്‍ത്ഥനയിലൂടെ എല്ലാം മറന്ന എലിസബത്ത് വന്ന വഴികളും മറന്നുവെന്ന് ഇത്തരമൊരു പ്രഹസനത്തില്‍ നിന്നും നമുക്ക് അനുമാനിക്കാം. അനില്‍ ആന്റണിയുടെ രാഷ്ട്രീയം ഇല്ലാതാക്കിയത് കോണ്‍ഗ്രസ് ആണെന്ന വാദമൊന്നും ഉയര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. അനിലിനെ എന്തുകൊണ്ട് കോണ്‍ഗ്രസ് ഒഴിവാക്കിയെന്നും എന്തുകൊണ്ട് ബിജെപി സ്വീകരിച്ചതെന്നും അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ മതിയാകും. ജനങ്ങളോട് ഇടപെടാത്ത, പാര്‍ട്ടിയോട് കൂറില്ലാത്ത അനിലിനെ പുറത്താക്കുക തന്നെ വേണം. ബിജെപിയിലെ അനിലിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം.
എന്തായാലും ഇത്തരം തോന്നിവാസങ്ങള്‍ ആന്റണിയുടെ അറിവോടെയാകില്ല. അനാവശ്യ വിവാദങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും അദ്ദേഹത്തെ വലിച്ചിടാന്‍ എലിസബത്ത് ശ്രമിക്കുന്നത് എന്തുകൊണ്ടാകും? പുത്രവാല്‍സല്യത്തില്‍ എല്ലാം മറക്കുന്ന എലിസബത്ത് എന്തേ ഭര്‍ത്താവിന്റെ നേരും രാഷ്ട്രീയ സംസ്‌കാരവും അറിയാതെ പോകുന്നു? ആന്റണിയുടെ കുടുംബം ഇനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അപമാനിക്കരുത്. ഇതില്‍ തന്റെ നിലപാട് വ്യക്തമാക്കി ആന്റണി തന്റെ സംശുദ്ധി മിനുക്കിയെടുക്കണം.
അന്ധവിശ്വാസങ്ങളുടെയും മതസ്ഥാപനങ്ങളിലെ കച്ചവടങ്ങളുടെയും ഇടമായി കേരളം വീണ്ടും അധപതിക്കുകയാണ്. വിദ്യാസമ്പന്നരായ, മഹത്തായ സംസ്‌കാരത്തിന് ഉടമകളെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. വിശ്വാസം അതിരുവിടുമ്പോള്‍ നമുക്ക് നഷ്ടമാകുന്ന മൂല്യങ്ങളെ തിരിച്ചറിയുക തന്നെ വേണം.