Tuesday, January 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'അവയവം വിൽപ്പനയ്ക്കോ ?', ജെയിംസ് കൂടൽ എഴുതുന്നു

‘അവയവം വിൽപ്പനയ്ക്കോ ?’, ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

അവയവദാനത്തിന് പിന്നിലെ കച്ചവടവും ചൂഷണവും ഒരിക്കൽ കൂടി കേരള സമൂഹത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഒരു കാലത്ത് തീരദേശജനതയുടെ അറിവില്ലായ്മയെ മുതലാക്കി നടന്നുവന്ന അവയവ കച്ചവടം ഇന്ന് കേരളത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് കടന്നിരിക്കുന്നുവെന്ന് വേണം കരുതാൻ. മലയാളികൾ ഉൾപ്പെടുന്ന രാജ്യാന്തര അവയവ കച്ചവട മാഫിയുടെ കണ്ണി കഴിഞ്ഞ ദിവസം പിടിയിലായതോടെ, ജീവിക്കാനായി ശരീരഭാഗം മുറിച്ചുവിൽക്കുന്ന മലയാളിയുടെ ദയനീയച്ചിത്രം ലോകത്തിന് മുന്നിൽ തെളിഞ്ഞു. കേരളത്തിൽ നിന്നുള്ള ഒട്ടേറെപ്പേർ രാജ്യാന്തര അവയവക്കച്ചവടത്തിന്റെ ഇരയായെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറാൻ പൗരത്വമുള്ള ഒരു മലയാളി മനുഷ്യക്കടത്തിന് പിടിയിലായതോടെയാണ് സംസ്ഥാനത്തിന്റെ ദയനീയ മുഖം വ്യക്തമായത്. കേരളത്തിൽ നിന്ന് അമ്പതോളം പേരെ വിദേശത്തേക്ക് അവയവ കൈമാറ്റത്തിനായി കടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതു കൂടാതെ പണികൾക്കായി കേരളത്തിൽ എത്തിയ അന്യസംസ്ഥാന തൊഴിലാളികളും അവയവ കൈമാറ്റ മാഫിയയുടെ പിടിയിലായിട്ടുണ്ട്. ഇതിൽ പലരും ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും വ്യക്തമല്ല.
അവയവ കൈമാറ്റ മാഫിയയുടെ മാർക്കറ്റായി കരുതുന്നത് ഇറാനിലെ ആശുപത്രികളെയാണ്. ലോകത്തിന്റെ പലഭാഗത്ത് നിന്നും മനുഷ്യാവയവങ്ങൾക്കായി ഇറാനിലെത്തുന്നവർ പോലുമുണ്ട്. ഒരു ദാതാവിനെ ഇറാനിലെത്തിക്കുമ്പോൾ അവയവ റാക്കറ്റിന് 50 മുതൽ ഒരു കോടി രൂപ വരെ ലഭിക്കും. തൃശൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് മുപ്പത് പേർ പ്രതിഫലം വാങ്ങി വൃക്ക കൈമാറിയെന്ന വിവരം പുറത്തുവന്നതും മാഫിയയുടെ പ്രവർത്തനം പടർന്നുപന്തലിച്ചതിന്റെ സൂചനയാകുന്നു. അതേസമയം ഓഫർ ചെയ്ത പണം നൽകാതെ ദാതാക്കളെ കബളിപ്പിക്കുന്നവരുമുണ്ട്. ഇറാനിലേക്ക് നടന്ന മനുഷ്യ കടത്തിന് പിന്നിലും ഇത്തരത്തിൽ തട്ടിപ്പു നടന്നുവെന്ന് വ്യക്തം. അവയവവും നഷ്ടമായി പണവും ലഭിക്കാതെ വന്നപ്പോൾ ചിലർ പൊലീസിൽ വിവരങ്ങൾ അറിയിക്കുകയായിരുന്നു.

കേരളത്തിൽ അവയവക്കച്ചവടം സജീവമാണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള മാഫിയാ സംഘത്തിൽ ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും റിപ്പോർട്ട് ചെയ്തിരുന്നതാണ്. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയെ അട്ടിമറിച്ചാണ് അവയവ കച്ചവടം നടക്കുന്നത്. മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തിട്ട് വർഷങ്ങളായി കാത്തിരുന്ന് മരണപ്പെടുന്നവർ ഏറെയുള്ളപ്പോൾ ആണ് കേരളത്തിൽ നിന്ന് മനുഷ്യക്കടത്ത് നടത്തി അവയവ കച്ചവടം നിർബാദ്ധം തുടരുന്നത്. സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങൾ നിശബ്ദത പാലിക്കുന്നതും ഇത്തരം ചൂഷണങ്ങൾ പെരുകാൻ കാരണമാകുന്നു. ഏജന്റുമാർ മുഖേന വൻതുക മുടക്കി, രോഗികൾക്കായി അവയവങ്ങൾ വാങ്ങുന്നവരും ചതിക്കപ്പെടുന്നവരും നിരവധിയാണ്. അവയവദാനത്തിന് മുന്നോടിയായി നടക്കുന്ന പരിശോധനകളിലും വലിയ തട്ടിപ്പ് നടക്കുന്നുണ്ട്. പരാതിപ്പെടാൻ ഇരകൾ തയ്യാറാകാത്തതും ഈ മേഖലയിലുള്ള അജ്ഞതയുമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com