ജെയിംസ് കൂടൽ
മെഡിക്കൽ പ്രവേശനത്തിന് യോഗ്യത നിർണയിക്കുന്ന നീറ്റ് പരീക്ഷയും അദ്ധ്യാപക നിയമനത്തിന് യോഗ്യത പരിശോധിക്കുന്ന നെറ്റ് പരീക്ഷയും വിശ്വാസ്യത നഷ്ടമാക്കി വലിയ അഴിമതിയിലേക്ക് വിരൽ ചൂണ്ടുമ്പോൾ പ്രതിസ്ഥാനത്ത് കേന്ദ്രസർക്കാർ മാത്രമാണെന്ന കാര്യം വിസ്മരിക്കാനാകില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലാകെമാനം നടപ്പിലാക്കുന്ന കാവിവത്കരണത്തിന്റെ അനന്തര ഫലമായി കാണേണ്ടിയിരിക്കുന്നു രാജ്യം ഇന്നേവരെ കാണാത്ത തരത്തിലുള്ള ഈ മൂല്യച്ച്യുതി. യു.ജി.സി ചെയർമാൻ മുതൽ സർവകലാശാല വൈസ് ചാൻസലർ പദവികൾ വരെയുള്ള ഉന്നതസ്ഥാനങ്ങളിലെല്ലാം യോഗ്യത നോക്കാതെയുള്ള നിയമനമാണ് സംഘപരിവാറുകാർക്കായി നടന്നിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞു കിടക്കുന്നതിന് പിന്നാലെയാണ് ദേശീയ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത കളങ്കപ്പെടുത്തി അഴിമതി വെളിപ്പെടുന്നത്. നീറ്റ് ചോദ്യക്കടലാസ് ചോർന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണെന്നുള്ള കാര്യം ശ്രദ്ധേയമാണ്.
മെഡിക്കൽ കോഴ്‌സുകൾക്കായി ഇരുപത് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷയുടെ തലേദിവസം ചോരുകയായിരുന്നു. ചില പ്രത്യേക കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയവർക്ക് കൂട്ടമായി ഒന്നാംറാങ്കും മുഴുവൻ മാർക്കും സ്‌കോർ ചെയ്യനായതാണ് സംശയങ്ങൾക്ക് കാരണമായത്. മുപ്പത് മുതൽ അൻപത് ലക്ഷം രൂപവരെ നൽകി ചോദ്യപേപ്പർ വാങ്ങിയവരുടെ വെളിപ്പെടുത്തൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം പ്രതി കൂട്ടിലാക്കുന്നതായിരുന്നു. സുപ്രീകോടതി ഇടപെട്ട് ചില കേന്ദ്രങ്ങളിൽ പുനർ പരീക്ഷയ്ക്ക് നിർദേശം നൽകിയെങ്കിലും നഷ്ടമായ വിശ്വാസ്യത വീണ്ടെടുക്കാനാവില്ല. രാജ്യത്തെ പന്ത്രണ്ട് ലക്ഷം പേർ എഴുതിയ നെറ്റ് പരീക്ഷ നടന്നതിന് പിന്നാലെ ക്രമക്കേട് കണ്ടെത്തി കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദ് ചെയ്ത് അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചു. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദ് ആക്കുകയായിരുന്നുവെങ്കിൽ നെറ്റ് പരീക്ഷയിലെ ക്രമക്കേട് എന്തെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയുണ്ടായിട്ടില്ല. ഇന്ത്യൻ സൈബർ ക്രൈം ത്രെട്ട് അനലറ്റിക്‌സ് യൂണിറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷ റദ്ദ് ചെയ്തുവെന്ന് മാമ്രേ വിവരമുള്ളു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദേശീയ പ്രവേശന പരീക്ഷകളുടെ നടത്തിപ്പിലുള്ള ക്രമക്കേടുകളുടെ ഉത്തരവാദിത്വത്തിൽ നിന്ന് രാജ്യത്തെ ഭരണാധികാരികൾക്ക് ഒഴിഞ്ഞുമാറാനാകില്ല. ചരിത്രവും ശാസ്ത്രവും തിരസ്‌കരിച്ച് അന്ധവിശ്വാസങ്ങളുമായി ഇഴചേർന്ന് വിദ്യാഭ്യാസരംഗം രാഷ്ട്രീയ വത്കരിക്കുമ്പോൾ കഴിഞ്ഞ നാളുകളിലെ നേട്ടങ്ങളെ ബോധപൂർവം വിസ്മരിക്കാൻ നടത്തുന്ന ശ്രമങ്ങളായും ഇത്തരം സംഭവങ്ങളെ സംശയിക്കേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ തട്ടിപ്പുകാരുടെ പറുദീസയാക്കി മാറ്റുമ്പോൾ ഗുണമേൻമയുള്ള അറിവും ആരോഗ്യവും നമുക്ക് നഷ്ടമാവുകയുമാണ്. നീറ്റും നെറ്റും ഉയർത്തുന്ന ആശങ്ക ചെറുതല്ല. അത് പരീക്ഷ എഴുതിയവരെ മാത്രം ബാധിക്കുന്ന വിഷയവുമല്ല. പ്രതിസ്ഥാനത്ത് ഏത് വമ്പനായാലും സമഗ്രമായ അന്വേഷണം നടത്തി വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ഉണ്ടാവേണ്ടത്.