
ജെയിംസ് കൂടൽ

മനുഷ്യനെ മാറ്റി നിര്‍ത്തുന്നതും വേര്‍തിരിക്കുന്നതും എങ്ങനെയാണ് മത നിയമമാകുന്നത്? സ്ത്രീ പുരുഷ സമത്വത്തിനുവേണ്ടി വാദിക്കുന്ന ലോകത്താണ് ചിലരുടെയൊക്കെ അഴിഞ്ഞാട്ടങ്ങള്‍. സമസ്തവേദിയില്‍ നിന്ന് ഇറക്കിവിട്ട പത്താംക്ലാസുകാരിയുടെ അവസ്ഥ ഇനി ഒരാളിനും വന്നുകൂടാ. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞവസാനിപ്പിക്കാനും പാടില്ല. ലോകത്തോളം വളര്‍ന്നെന്ന് അഭിമാനിക്കുന്ന മനുഷ്യര്‍ക്കിടയില്‍ ഇന്നും എന്തിനാണ് നിയന്ത്രണങ്ങളും വേലികെട്ടുകളും? നാളത്തെ തലമുറയെ മാറ്റി നിര്‍ത്തുകയല്ല, ചേര്‍ത്തുപിടിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നതാണ് വലിയ മാതൃക.
സുന്നി നേതാവ് സത്താര്‍ പന്തല്ലൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വീണ്ടും ആ പെണ്‍കുട്ടിയെ അപമാനിക്കുകയാണ്. ആധുനിക സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത എന്തൊക്കെ ന്യായങ്ങളാണ് അദ്ദേഹം നിരത്തുന്നത്! സാമൂഹിക മാധ്യമത്തിലൂടെ അദ്ദേഹം നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യം മാത്രമായി കാണാന്‍ കഴിയില്ല. ഇതൊരു വെല്ലുവിളിയും ജനാധിപത്യ സമൂഹത്തോടുള്ള അവഹേളനവുമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരുമിച്ച് അഴിഞ്ഞാടുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. നമ്മുടെ യുവാക്കളും ആഗ്രഹിക്കുന്നത് അതല്ലേ, ലിംഗ, വര്‍ണ, മത വ്യത്യാസമില്ലാതെയുള്ള സര്‍വസ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുന്ന ലോകം. പരസ്പരം ഒത്തുചേരുന്നതും തോളോടു തോള്‍ ചേര്‍ന്നു നടക്കുന്നതും അഴിഞ്ഞാട്ടമെങ്കില്‍ അങ്ങനെതന്നെ. വിശാലമായ കാഴ്ചപ്പാടുകളുള്ള തലമുറയാണ് നമ്മുടേത്. ലോകം അറിഞ്ഞ് അനുഭവിച്ചാണ് അവര്‍ വളരുന്നത്. ശരിതെറ്റുകള്‍ അവര്‍ക്ക് പറഞ്ഞു നല്‍കാതെ തന്നെ അറിയാം. യൂത്തന്‍മാര്‍ എല്ലാം കുഴപ്പക്കാരാണെന്ന പൊട്ടവാദം ഇനിയെങ്കിലും ഉച്ചരിക്കാതിരിക്കുക.
മതങ്ങള്‍ മനുഷ്യരുടെ സ്വാതന്ത്ര്യത്തേയും കാഴ്ചപ്പാടുകളേയും അടിച്ചമര്‍ത്തുന്നതാകരുത്. വേലികെട്ടുകൾ കൊണ്ട് അവര്‍ക്ക് അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതും ആവരുത്. എത്രമേല്‍ മനുഷ്യസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നുവോ അത്രമേല്‍ അത് ശക്തിപ്രാപിച്ച് പുറത്തു കടക്കുമെന്നാണല്ലോ അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. മിടുക്കിയായ ഒരു പെണ്‍കുട്ടിയ്ക്കുണ്ടായ ദുരനുഭവം പൊളിച്ചെഴുത്തുകള്‍ക്ക് കാരണമാകണം. പാണ്ഡിത്യത്തിന്റെ പേര് പറഞ്ഞ് മനുഷ്യനെ വിലക്കാന്‍ വെമ്പി നില്‍ക്കുന്ന എല്ലാ മതനേതാക്കള്‍ക്കും ഇതൊരു പാഠമാകണം.
ഹിന്ദു, ക്രിസ്ത്യൻ മതപുരോഹിതൻമാരും മുൻപ് ഇത്തരം ചില വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണം മുതൽ കുടുംബം വരെയുള്ള വിഷയങ്ങൾ ഇത്തരത്തിൽ അനാവശ്യമായി വളച്ചൊടിച്ച് അവർ അവതരിപ്പിച്ചിട്ടുമുണ്ട്. മതത്തിൻ്റെ പേരിൽ കിട്ടിയ പട്ടങ്ങൾ ഉപയോഗിച്ച് മനുഷ്യനെ നിയന്ത്രിക്കുവാൻ ആരാണ് ഇവർക്ക് അവകാശം നൽകിയത്? ഉപദേശങ്ങളിൽ തുടങ്ങി ഭീഷണിയായും ശബ്ദം ഉയർത്തിയ പുരോഹിതന്മാർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. കുടുംബങ്ങളിൽ നമ്മൾ ഒറ്റക്കെട്ടായി നിന്ന് ഇവരെ നേരിടുക എന്നതാണ് പ്രധാനം.
മനുഷ്യന് മനുഷ്യനായി ജീവിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്ല വഴികളും ഉപദേശിക്കുന്നതാകണം മതങ്ങളും നേതാക്കളും. അവന്റെ സ്വാതന്ത്ര്യത്തിന് അതിര്‍ത്തികള്‍ സൃഷ്ടിച്ചും ലിംഗപരമായ വേര്‍തിരിവുകള്‍ സൃഷ്ടിച്ചും ആര്‍ക്കും അധികകാലം മുന്നോട്ടു യാത്ര ചെയ്യാന്‍ കഴിയില്ല. മിടുക്കരായ തലമുറയ്‌ക്കൊപ്പം നമുക്ക് നില്‍ക്കാം.ജനാധിപത്യത്തിനു കാവലാകാം.