ജെയിംസ് കൂടൽ
വീണ്ടും ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ് ഇന്ത്യൻ ജനത. തിരഞ്ഞെടുക്കപ്പെട്ടവർ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി ജനഹിതത്തെ അവഹേളിക്കുമ്പോൾ ജനം രാജാവ് ആകുന്ന അപൂർവ നിമിഷം. ഇന്ത്യൻ ഭരണഘടന തന്നെ ഭീഷണിയിൽ നിൽക്കുമ്പോൾ ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ക്രമപ്പെടുത്തിയ ചിട്ടപ്രകാരമുള്ള അവസാന തിരഞ്ഞെടുപ്പും ഇതായേക്കും. ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ടയിലേക്ക് അടുക്കുന്ന കേന്ദ്രവും മോദിയും കോർപ്പറേറ്റുകളും ഒരുവശത്തും ഇവർക്ക് ഒത്താശപ്പാടി സംസ്ഥാനഭരണത്തിൽ രമിക്കുന്ന മറ്റൊരു കൂട്ടർ മറ്റൊരുഭാഗത്തും നിലയുറപ്പിക്കുമ്പോൾ ജനാധിപത്യ ധ്വസനമാണ് അരങ്ങേറുന്നത്. പഞ്ചായത്തംഗം മുതൽ മുഖ്യമന്ത്രി വരെ അഴിമതിയുടെ കറപുരണ്ട പ്രതികൂട്ടിലാകുമ്പോൾ വോട്ടർമാർ പ്രതികരിക്കേണ്ട കാലമാണിത്. റേഷൻ കട മുതൽ പാർലമെന്റ് വരെ സർവതും അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന കാലമാണിത്. എങ്ങും വിവാദങ്ങളും അപവാദങ്ങളും മാത്രം. തുടർഭരണങ്ങൾ ജനത്തെ കഴുത്തുഞെരുക്കി കൊല്ലുന്ന അവസ്ഥയിലാക്കിയിരിക്കുന്നു. ഇവിടെ സാധാരണ ജനത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണ്. വിലക്കയറ്റം, അഴിമതി, സാത്തിക കൊള്ള, കർഷക അവഗണന, ക്രമസമാധാന തകർച്ച, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ, ധൂർത്ത്, നിയമന നിരോധനം, നിരക്ക് വർദ്ധന എന്നിങ്ങനെ നീളുന്ന ജനദ്രോഹ നടപടികൾ വോട്ടർമാരെ ചെറുതായല്ല മടുപ്പിച്ചിരിക്കുന്നത്. തുടർ ഭരണത്തിൽ മത്തുപ്പിടിച്ച് സർക്കാരുകൾ ചെയ്യുന്നതെല്ലാം സ്വജനപക്ഷപാതവും അഴിമതിയും മാത്രം. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന അഴിമതി സർക്കാർ എന്ന നിലവാരത്തിലേക്ക് താഴ്ന്നിരിക്കുന്നു കേരളം. എ.എെ ക്യാമറ, കെ ഫോൺ, മാസപ്പടി അഴിമതികൾ ഏറെയാണ്. കരിമണൽ മാഫിയായുടെ കൈയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ അച്ചാരം പറ്റിയിരിക്കുന്നു. മാസപ്പടി കേസ് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയത് കൊണ്ടുമാത്രം ജനമദ്ധ്യത്തിൽ എത്തി. എന്നാൽ ഇൗ കേസുകളിൽ ഒന്നും കാര്യമായ അന്വേഷണം നടക്കുന്നില്ല. തെറ്റായ സാമ്പത്തിക നയമൂലം ദരിദ്രർ കൂടുതൽ ദരിദ്രരാകുമ്പോൾ കോർപ്പറേറ്റുകളൾ അതിസമ്പന്നരുടെ പട്ടികയിൽ ഇടതേടുന്നു.
സാധാരണ ജനം ആശ്രയിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടക്കണക്കിൽ നട്ടം തിരിയുന്നതും പൂട്ടിപോകുന്നതും പതിവാകുകയാണ്. കേരത്തിലും അത് പ്രകടമാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നു, കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും മുടങ്ങുന്നു, സപ്ളൈ കോയിൽ അവശ്യസാധനങ്ങളില്ല, ഇന്ധന സെസ് വർദ്ധന, തൊഴിൽ ഇല്ലായ്മ എന്നിങ്ങനെ നീളുന്നു ജനദ്രോഹ നടപടികൾ. കാമ്പസുകളിൽ വിദ്യാർത്ഥികൾ കൊലചെയ്യപ്പെടുന്നതും പെരുകുന്ന ആത്മഹത്യകളും അരക്ഷിതാവസ്ഥയുടെ തെളിവാണ്.
ജീവിതം വഴിമുട്ടിയ ജനം നശിച്ച ഭരണമെന്ന മുദ്ര ചാർത്തുമ്പോൾ വിലിയാെരു മാറ്റം ഇന്ത്യ ആഗ്രഹിക്കുകയാണ്. മോദി ഗ്യരന്റിയിൽ ഇന്ത്യയെ വിൽപ്പന ചരക്കാക്കാൻ കോർപ്പറേറ്റുകൾ ശ്രമിക്കുന്നത് തടയിടേണ്ടത് അനിവാര്യതയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണം രാജ്യം ആഗ്രഹിക്കുന്നു. മതങ്ങൾക്ക് വീതംവച്ചു നൽകാത്ത ഒരു ഭരണക്രമം കോൺഗ്രസിലൂടെ മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.