THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'മരംമുറി കേസും മാധ്യമധർമവും' ജെയിംസ് കൂടൽ എഴുതുന്നു

‘മരംമുറി കേസും മാധ്യമധർമവും’ ജെയിംസ് കൂടൽ എഴുതുന്നു

സാധാരണയായി മാധ്യമ പ്രവർത്തകരുൾപ്പെട്ട പല കേസ്സുകളും വാർത്ത ആവാതെ, പുറംലോകം അറിയാതെ വായുവിൽ വിലയം പ്രാപിക്കുകയാണ് പതിവ്. എന്നാൽ ഇനി മുതൽ ചാനലുകളെങ്കിലും അങ്ങനെ ആയിരിക്കുകയില്ലത്രെ. പറഞ്ഞത്, 24 ന്യൂസിന്റെ മേധാവി ശ്രീകണ്ഠൻ നായരാണ്.
അദ്ദേഹം പറയുന്നു: ”ഏഷ്യാനെറ്റ് ന്യൂസ് രണ്ടു ദിവസമായി ഒരു കാര്യം ചെയ്തുവരുന്നു. അതായത്, മുട്ടിൽ മരംമുറി കേസ്സിലെ ദീപക് ധർമ്മടം എന്ന മാധ്യമ പ്രവർത്തകൻ, 24 ന്യൂസിന്റെ ഇപ്പോൾ സസ്‌പെൻഷനിലായ റിപ്പോർട്ടർ ബന്ധപ്പെട്ടിരിക്കുന്നു എന്നരീതിയിൽ നല്ല വാർത്ത കൊടുത്തു. രാവിലെ 7 മണി മുതൽ തന്നെ അവർ നന്നായിട്ട് കൊടുത്തു. എനിക്കതിലുള്ള സന്തോഷം എന്താണെന്ന് ചോദിച്ചാൽ സാധാരണഗതിയിൽ മാധ്യമ പ്രവർത്തകർ എന്തെങ്കിലും കേസ്സിൽ പെട്ടാൽ എല്ലാ മാധ്യമങ്ങളും അതൊന്ന് ഒതുക്കിവയ്ക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ അതങ്ങനെ മൂടിവയ്ക്കരുത് എന്നുള്ള രീതിയിൽ ഏഷ്യാനെറ്റ് ന്യൂസ് അതു നന്നായിട്ട് ചെയ്തു. ചർച്ച, ബ്രേക്കിങ് ന്യൂസ് ഒക്കെ കൊടുത്തു. മാധ്യമ പ്രവർത്തകരുടെ ഇടയിൽനിന്ന് ഒരാൾ എന്തെങ്കിലും വഴിവിട്ട് ചെയ്താലും തങ്ങൾ വെറുതെവിടില്ല എന്നൊരു പുതിയ മൂല്യബോധം ഈ മാധ്യമ രംഗത്ത് സൃഷ്ടിക്കാൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു. നല്ല കാര്യമാണത്. ഞങ്ങൾ 24 ന്യൂസും ഏതായാലും അതു പിന്തുടരും. നല്ല കാര്യം ആരു ചെയ്താലും പിന്തുണയ്ക്കണം… പുതിയൊരു മൂല്യാവതരണമാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിൽ കൊണ്ടുവന്നിരിക്കുന്നത്… മാത്രമല്ല, മനോരമ ദിനപത്രത്തിൽ തൽസംഭവത്തിൽ കാർട്ടൂൺ വരുന്നു, മനോരമ ചാനൽ, മാതൃഭൂമി ന്യൂസ്, ജനം, മീഡിയ വൺ എല്ലാവരുംതന്നെ വളരെ വളരെ മൂല്യബോധത്തിന്റെ പിന്നാമ്പുറ കാര്യങ്ങളുമായിട്ടൊക്കെ ഇറങ്ങി. ഇനിയിപ്പോ ഒരു മാധ്യമ പ്രവർത്തകനെയും രക്ഷിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കില്ല എന്നു പറയുന്ന ഈ ചാനലുകളുടെയൊക്കെ നിലപാട് 24 ന്യൂസും ശക്തിയുക്തം പിന്താങ്ങുന്നു. 24 ന്റെ കോഴിക്കോട് റീജിയണൽ മേധാവിയായിരുന്ന ദീപക് ധർമ്മടം ഇടപെട്ടിട്ടുണ്ടെങ്കിൽ അയാൾ ക്കെതിരെ നിയമനടപടികളുടെ കാഠിന്യം കുറയ്ക്കരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം.”
ശ്രീകണ്ഠൻ നായരുടെ നയം വ്യക്തമാക്കലിനു പിന്നിൽ ചാനലുകളുടെ മത്സരമാണെന്നത് പകൽ പോലെ വ്യക്തം. ‘ഇങ്ങോട്ട് പാര പണിതാൽ അങ്ങോട്ടും പണിയു’മെന്ന് മൂപ്പര് സൗമ്യ ഭാഷയിൽ പറയാതെ പറഞ്ഞു എന്നുമാത്രം.

ഏറെ വിവാദമായ മുട്ടിൽ മരം മുറിയിലും സംസ്ഥാനത്തുടനീളം നടന്ന കോടികളുടെ വനംകൊള്ളയിലും ബന്ധപ്പെട്ട് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയ്യാറാക്കിയ റിപ്പോർട്ടിൽ 24 ന്യൂസിന്റെ ദീപക് ധർമ്മടം വഹിച്ച ചരിത്രപരമായ പങ്ക് വളരെ കാര്യമായി രേഖപ്പെടുത്തിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രിയുടെ ഓഫീസിൽ പിടിപാടുള്ള ഇദ്ദേഹം ആരോപണ വിധേയനായ കൺസർവേറ്റർ എൻ.ടി സാജന് വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തിരുന്നുവത്രെ.
മത്സാരധിഷ്ഠിതമായ കമ്പോളം ഉപഭോക്താക്കൾക്ക് നല്ലതാണെന്നാണല്ലോ വയ്പ്പ്. ഇനിയിപ്പോൾ ചാനലുകളുടെ മത്സരം വാർത്താരംഗവും ശുദ്ധീകരിക്കുമെന്ന് വെറുതെ ആശിക്കാം.
എന്നാലിപ്പോൾ പിണറായി, ദീപക് ധർമ്മടം, എൻ.ടി സാജൻ എന്നിവർക്ക് പ്രതികളുമായുള്ള ബന്ധമാണ് ദുരൂഹമായിട്ടുള്ളത്. സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പങ്കിനെ കുറിച്ച് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വനം കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതിപക്ഷം പുറത്തുവിട്ടപ്പോൾ, അതിനൊരു രാഷ്ട്രീയമാനമോ ഭരണതലത്തിലെ സ്വാധീനമോ ഇല്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്. അതു കൊണ്ടുതന്നെ വനം, റവന്യൂ വകുപ്പുകളുടെ അന്വേഷണത്തിനു പുറമേ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ച് പ്രതിപക്ഷ പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു.
എന്നാലിപ്പോൾ പിണറായി, ദീപക് ധർമ്മടം, എൻ.ടി സാജൻ എന്നിവർക്ക് പ്രതികളുമായുള്ള ബന്ധമാണ് ദുരൂഹമായിട്ടുള്ളത്. മാധ്യമപ്രവർത്തകനായ ദീപക് ധർമ്മടം പിണറായിയുടെ അടുപ്പക്കാരനെന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹം പ്രതികളുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ അതിന് തെളിവാണ്. സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കരനും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെയും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെയും ദുരുപയോഗം ചെയ്തതിന് സമാനമാണ് ഇപ്പോൾ മരംമുറി കേസിൽ ദീപക് ധർമ്മടത്തിന്റെ ഇടപെടൽ എന്നതാണ് സി.പി.എമ്മിലെ വലയ്ക്കുന്നത്. പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കാനിരിക്കെ സി.പി.എമ്മിനെ പിടിച്ചുലയ്ക്കുന്ന വിവാദമായി ഇത് വളർന്നേക്കുമെന്നാണ് നേതാക്കളുടെ ഭയം. ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുതന്നെ വലിയൊരു വിവാദം ഉയർന്നുവരുന്നത് ഈ സാഹചര്യത്തിൽ സി.പി.എമ്മിന് തിരിച്ചടിയാകും.
അതേസമയം ധർമ്മടം ബന്ധം പുറത്തുവന്നതോടെ സി.പി.ഐ ആശ്വാസത്തിലാണ്. മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെയും സി.പി.ഐയുടെയും തലത്തിൽ എല്ലാ പാപഭാരവും കെട്ടി വെക്കാനുള്ള നീക്കമാണ് സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതിൽ സി.പി.ഐ നേതൃത്വത്തിന് പ്രതിഷേധമുണ്ടായിരുന്നു. അക്കാര്യം അവർ പരോക്ഷമായെങ്കിലും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വനം മന്ത്രി എ.കെ ശശീന്ദ്രൻ സി.പി.ഐയെ കുറ്റപ്പെടുത്തിയപ്പോഴും സി.പി.എം നേതൃത്വം വിലക്കിയിയിരുന്നില്ല. റവന്യൂപട്ടയഭൂമിയിൽ മരംമുറിക്കാൻ സർക്കാർ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉൾപ്പടെ വിളിച്ച വിവിധ യോഗങ്ങളുടെ തീരുമാനമായിരുന്നെന്നും ആർക്കെങ്കിലും അനധികൃതമായി എന്തെങ്കിലും ചെയ്തുകൊടുത്തിട്ടുണ്ടെങ്കിൽ അതിന് മുഖ്യമന്ത്രി തന്നെയാണ് ഉത്തരവാദിയെന്നുമാണ് തുടക്കം മുതൽ സി.പി.ഐയുടെ നിലപാട്.
മരംമുറിയിൽ ഉന്നത രാഷ്ട്രീയബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ധർമ്മടം ബന്ധം പുറത്തുവന്നത്. സി.പി.എമ്മിന്റെ ഉന്നത നേതാക്കൾക്ക് മുട്ടിൽ മരംമുറി കേസിൽ ബന്ധമുണ്ടെന്ന് ആദ്യായി നിയമസഭയിൽ വ്യക്തമാക്കിയത് പി.ടി തോമസ് ആയിരുന്നു. അന്ന് പി.ടി തോമസിനോട് ഭരണപക്ഷ എം. എൽ.എമാർ രൂക്ഷമായി പ്രതികരിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇപ്പോൾ എല്ലാ തെളിവുകളും പുറത്തുവന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഡി.എഫ്.ഒ ധനേഷിനെയടക്കം ഭീഷണിപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും കാര്യങ്ങൾ ഒന്നുമറിയാത്ത എ.കെ ബാലനാണ് എല്ലാത്തിനും മറുപടി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തുന്നു.
ഏത് ദീപക് ധർമ്മടമായാലും ക്രമക്കേട് കാട്ടിയാൽ നടപടി ഉണ്ടാകുമെന്നാണ് കഴിഞ്ഞദിവസം എ.കെ ബാലൻ പ്രതികരിച്ചത്. എന്നാൽ ദീപക്കിനെതിരെ കേസെടുക്കുകയോ എൻ.ടി സാജനെ സസ്‌പെന്റ് ചെയ്യണമെന്ന ശിപാർശ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. എ.കെ ബാലൻ ഒഴികെ മറ്റാരും വിഷയത്തിൽ പ്രതികരിച്ചിട്ടുമല്ല. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് വരട്ടെയെന്നാണ് വനംമന്ത്രി എ.കെ ശശീന്ദ്രന്റെ നിലപാട്.

വാൽക്കഷണം
ഇത്തവണ ചാനൽ സംവാദകനായ
ശ്രീജിത്ത് പണിക്കർ ട്രോളിയത്,

100 ദിവസം.
സത്യം പറഞ്ഞത് ഒരാൾ മാത്രം.
ത്രികാലജ്ഞാനിയായ ഒരു സ്ത്രീരത്‌നം.
എന്നിട്ടും അവർ ക്രൂശിക്കപ്പെട്ടു.
എന്തായിരുന്നു ആ സത്യം
”ങാ, എന്നാപ്പിന്നെ അനുഭവിച്ചോ, ട്ടോ…”

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments