ജെയിംസ് കൂടൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം രണ്ടു പാഠങ്ങളാണ് നൽകുന്നത്. അത് യു.ഡി. എഫിനും കേരളം ഭരിക്കുന്ന എൽ. ഡി. എഫിനുമുള്ളതാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ ആന്റണി പറഞ്ഞത് ശ്രദ്ധേയമായ നിരീക്ഷണമാണ്. ” പിണറായി സർക്കാരിന്റെ ഭരണം അവസാനിച്ചിരിക്കുന്നു. സങ്കേതികമായി അതു തുടരുന്നുവെന്ന് മാത്രം. ഒരു കെയർ ടേക്കർ സർക്കാരാണ് ഇപ്പോഴുള്ളതെന്നു പറയാം”. ഇതായിരുന്നു ആന്റണിയുടെ വാക്കുകൾ. തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി ഇതിലും കൃത്യമായ വിലയിരുത്തൽ വരാനില്ലെന്നു പറയാം.
ഒൻപത് വർഷമായി അധികാരം കൈയാളുന്നതിന്റെ ധാർഷ്ട്യവും ജനങ്ങളുടെ പ്രശ്‌നങ്ങളോടുള്ള നിഷേധാത്മക നിലപാടുമാണ് എൽ.ഡി. എഫിന്റെ തുടർച്ചയായുള്ള തോൽവിക്ക് കാരണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടപ്പോൾ മുൻപ് പി.ടി തോമസിന് കിട്ടിയതിനേക്കാൾ വമ്പൻ ഭൂരിപക്ഷത്തോടെയാണ് ഭാര്യ ഉമാ തോമസ് വിജയിച്ചത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ നേടിയതിന്റെ മൂന്നിരട്ടിയിലേറെ ഭൂരിപക്ഷം രാഹുൽ മാങ്കൂട്ടത്തിൽ നേടി.
ആലത്തൂരിൽ നാൽപ്പതിനായിരം ഉണ്ടായിരുന്ന എൽ.ഡി. എഫിന്റെ ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു. ഇപ്പോഴിതാ രണ്ടു പതിറ്റാണ്ടായി എൽ.ഡി. എഫ് കൈവശം വച്ചിരുന്ന നിമ്പലൂർ വലിയ ഭൂരിപക്ഷത്തിൽ യു.ഡി. എഫ് പിടിച്ചെടുത്തിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പലവട്ടം പ്രചാരണം നടത്തിയും മന്ത്രിമാർ ക്യാമ്പ് ചെയ്തും സർക്കാർ സംവിധാനങ്ങളും സി.പി. എമ്മിന്റെയും എൽ.ഡി. എഫിന്റെയും സർവ ശക്തിയും ഉപയോഗിച്ചുമാണ് ഉപതിരഞ്ഞെടുപ്പുകൾ നടന്ന മണ്ഡലങ്ങളിൽ പ്രചരണം നടത്തിയത്. എന്നിട്ടും ജനം വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫിനെ ജയിപ്പിക്കണമെങ്കിൽ ശക്തമായ ഭരണവിരുദ്ധ വികാരമല്ലെങ്കിൽ മറ്റെന്താണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. നിലമ്പൂർ ഫലം സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകുമെന്ന് എൽ.ഡി. എഫ് പറഞ്ഞിട്ടുണ്ട്. തോറ്റു കഴിഞ്ഞപ്പോൾ സർക്കാരിന്റെ വിലയിരുത്തൽ അല്ലെന്ന് മലക്കം മറിഞ്ഞു. വർഗീയ ശക്തികളുടെ വിജയമെന്ന് വാദിക്കുകയും ചെയ്തു. ആവർത്തന വിരസതയുള്ള ഈ വാദം ജനം കേട്ടു മടുത്തു.
രണ്ടാമത്തെ പാഠം യു.ഡി. എഫിനുള്ളതാണ്. മുന്നണിയിലെ പാർട്ടികളെല്ലാം ഒരു ടീമായി നിന്ന് പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമെന്ന് നിലമ്പൂർ യു. ഡി. എഫിനെ പഠിപ്പിക്കുന്നു. ഗ്രൂപ്പുകളികൾ മാറ്റിവച്ച്, ചിട്ടയോടെയുള്ള പ്രചരണമാണ് യു.ഡി. എഫ് നടത്തിയത്. മുന്നണിയിലെ ഏതെങ്കലും ഒരു നേതാവിന് മാത്രം അവകാശപ്പെട്ടതല്ല ഈ വിജയം. ബൂത്ത് കമ്മറ്റികളിൽ വരെ നേതാക്കൾ ഇറങ്ങിച്ചെന്ന് പ്രവർത്തിച്ചു. വീഴ്ചകളും ആവശ്യങ്ങളും മനസിലാക്കി പരിഹാരം കണ്ട് പ്രചരണം മുന്നോട്ടു കൊണ്ടുപോയി.
മറ്റൊരർത്ഥത്തിൽ യു.ഡി. എഫിന് നല്ല വ്യക്തിത്വം സമ്മാനിച്ച വിജയം കൂടിയാണിത്. എൽ.ഡി. എഫ് സ്ഥാനാർത്ഥിയായി നിന്ന് മത്സരിച്ച് എം. എൽ. എ ആയ പി. വി അൻവർ ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.ശശിയുമായി ഉടക്കുകയും മുഖ്യമന്ത്രിയുടെ അടുത്ത് പരാതിയുമായി പോവുകയും ചെയ്തു. അവിടെയും തന്റെ കാര്യങ്ങൾ നടക്കാതെ വതോടെ മുഖ്യമന്ത്രിയെയും കുടുംബത്തെയും കടന്നാക്രമിച്ചു. പിണങ്ങിപ്പിരിഞ്ഞ് എം. എൽ. എ സ്ഥാനം രാജിവച്ച അൻവറാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. യു. ഡി. എഫ് സ്ഥാനാർത്ഥിയായി ഒന്നുകിൽ താൻ അല്ലെങ്കിൽ തന്റെ നോമിനി എന്ന ഡിമാന്റ് മുന്നോട്ടു വച്ച അൻവർ, യു.ഡി. എഫ് എന്ന രാഷ്ട്രീയ സംവിധാനത്തെയാകെ തന്റെ ചൊൽപ്പടിക്കു നിർത്താനാണ് ശ്രമിച്ചത്. എത്ര വമ്പനായാലും അതിന് വഴങ്ങിക്കൂടെന്ന യു.ഡി. എഫ് നിലപാട് പൊതുവെ അംഗീകരിക്കപ്പെട്ടു. അൻവറിന് മുന്നണിക്കൊപ്പം നിൽക്കാം എന്ന സന്ദേശം നൽകുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പിനെ സർക്കാരിനെതിരായ ജനവികാരം പ്രതിഫലിപ്പിക്കാനുള്ള രാഷ്ട്രീയ മത്‌സരമാക്കിയ യു.ഡി. എഫ് പതിനൊന്നായിരത്തിലധികം വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള ജനതയുടെ മനസ് എങ്ങനെയായിരിക്കും എന്ന് നിലമ്പൂർ കാണിച്ചുതന്നു.



