THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, February 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'പൊലീസിന് ആര് വിലങ്ങിടും?' ജെയിംസ് കൂടൽ എഴുതുന്നു

‘പൊലീസിന് ആര് വിലങ്ങിടും?’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

adpost

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷകർ ആകേണ്ട നിയമപാലകർ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാഴ്ചയാണ് കഴിഞ്ഞനാളുകളിൽ കേരളത്തിൽ കണ്ടുവരുന്നത്. വിളിച്ചുവരുത്തി അതിക്രൂര ലോക്കപ്പ് മർദ്ദനത്തിന് ഇരയാക്കി കള്ളക്കേസിൽ കുടുക്കി തുറങ്കലിൽ അടയ്ക്കുന്ന സംഭവങ്ങളും കേരള മനസാക്ഷിയെ ഞെട്ടിച്ചു. രാജ്യത്തിന് കാവൽ നിൽക്കുന്ന സൈനികനും സഹോദരനും നീതിനിഷേധിച്ച് കാക്കിയുടെ മൂന്നാംമുറയ്ക്ക് ഇരയായപ്പോൾ ലോക്കപ്പ് മുറിയൽ ജീവൻ നഷ്ടമായി പോയ നിരവധി പേരുടെ ഓർമ്മകൾ ഒരിക്കൽ കൂടി പൊതുസമൂഹത്തിന് മുന്നിലേക്ക് എത്തി. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു പക്ഷേ ഒരു യുവാവിന്റെ ജീവൻ നഷ്ടമായിരുന്നുവെങ്കിൽ ഈ കൊടുംക്രൂരത ആത്മഹത്യയെന്ന പതിവ് കാരണത്തിൽ ഒതുക്കുമായിരുന്നു. മർദനത്തിൽ അവശരായി പോയവർ മനകരുത്തോടെ തിരികെ വന്നപ്പോൾ ആണ് ഞെട്ടിച്ച നീതിനിഷേധത്തിന്റെ ചുരുൾ അഴിയുന്നത്. കൂടാതെ ആർജവത്തോടെ നിലകൊണ്ട സഹോദരങ്ങളുടെ സമീപനവും ആക്രമികളായ പൊലീസുകാരുടെ മുഖംമൂടി വലിച്ചുകീറുന്നതിന് വഴിയൊരുക്കി. മയക്കുമരുന്നു കേസിൽ പിടയിലായ യുവാക്കളെ ജാമ്യത്തിൽ എടുക്കണമെന്ന സ്റ്റേഷൻ ഓഫീസറുടെ ആവശ്യം നിരാകരിച്ചതാണ് മർദ്ദനത്തിന് കാരണമായത്. പിടികൂടിയ പ്രതികൾക്ക് ജാമ്യക്കാരെ കണ്ടെത്തുകയെന്ന വിചിത്രമായ പൊലീസ് സമീപനവും അന്വേഷിക്കേണ്ടതാണ്. ക്രമിനലുകളും പൊലീസും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിലൂടെ മറനീക്കുന്നത്. ജനമൈത്രി പൊലീസ് എന്ന ഖ്യാതി നേടിയ കേരളത്തിലെ പൊലീസ് സംവിധാനം ഇനിയും നിരപരാധികളുടെ ചോരയുടെ പാപക്കറയിൽ നിന്ന് മുക്തി നേടിയിട്ടാല്ലായെന്ന് വേണം കരുതാൻ. ബഞ്ചിൽ കിടത്തി ഉരുട്ടിയും പഞ്ചസാര വെള്ളം കുടിപ്പിച്ചും കരിക്കിനിടിച്ചും പ്രതികളെ കൊല്ലാകൊല ചെയ്ത് സത്യം പറയിക്കാൻ നടത്തിയ ശ്രമങ്ങൾ എല്ലാം വൻ ക്രൂരതയിലേക്കും പാെലീസിന് കളങ്കമായി മാറിയ ചരിത്രമാണ് മുന്നിലുളളത്. എന്നാൽ പഴയ പല കാര്യങ്ങളും വിസ്മരിച്ചുകൊണ്ടുള്ള ഇടപെടലുകളാണ് വീണ്ടും ഉണ്ടാകുന്നുവെന്നത് ആശങ്കയ്ക്ക് കാരണമാണ്. കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിയിലുള്ള പൊലീസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് മർദനമേൽക്കുന്നതും കിളികൊല്ലൂർ സംഭവത്തിലൂടെ കാണാനായി.
നിയമങ്ങൾ പൊലീസുകാർക്ക് ബാധകമല്ല എന്ന മനോഭാവമാണ് പല പൊലീസ് ഉദ്യോഗസ്ഥർക്കുമുള്ളത്. പൊലീസിനെ പേടിച്ച് ജനം ജീവിക്കണമെന്ന ചിന്താഗതിയാണ് ഈക്കൂട്ടർ പുലർത്തുന്നത്.

adpost

കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും ഇഞ്ചിഞ്ചായി തല്ലിച്ചതച്ചതിന് ശേഷം ലഹരിമരുന്ന് കേസിൽ കുടുക്കി ജയിലിലടച്ചത് പൊലീസിനോട് പ്രതികരിച്ചാൽ അനുഭവിക്കേണ്ടിവരുമെന്ന ഭീഷണികൂടിയാണ്. കേസിൽപ്പെടുന്നയാളെ ശിക്ഷിക്കാൻ പൊലീസിന് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ചാൽ അടിപൊട്ടിച്ചായിരിക്കും പലപ്പോഴും യമാൻമാരുടെ പ്രതികരണം.

മാങ്ങാമോഷ്ടാവായ പൊലീസുകാരനെ രക്ഷിക്കുകയും നിരപരാധികളെ ലഹരിമരുന്ന് കേസുകളിൽ പ്രതിയാക്കുകയും ചെയ്യുന്നതിന് മടിക്കാത്തവർ പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണ്. ട്രാൻസ്ജൻഡറുടെ ശരീരംമോഹിച്ച് ഇരുട്ടിൽ തപ്പുകയും പറഞ്ഞുറപ്പിച്ച പണം നൽകാതെ പറ്റിച്ചതും സുഹൃത്തിന്റെ ഭാര്യയുടെ സ്വർണ്ണാഭരണം അപഹരിച്ചതും അന്യന്റെ ഭാര്യയെ തേടിയുള്ള യാത്രയിൽ നാട്ടുകാരുടെ പിടിയിലായതും കേരളപ്പൊലീസ് ആണെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. ലോകത്തെ സകലപിറപ്പുകളുടെയും അപ്പോസ്തലൻമാരായ ക്രിമിനൽ സംഘം കേരളപൊലീസിൽ ഉണ്ടെന്നുള്ളത് സേനയുടെ തന്നെ അന്തസിന് കളങ്കം ചാർത്തുന്നു. കൈക്കൂലിയും പാരിതോഷികങ്ങളും വാങ്ങുന്നവരും അപഥസഞ്ചാരത്തിലൂടെ പണസമ്പാദനം നടത്തുന്നവരും നമ്മുടെ പൊലീസിലുണ്ട്. കുറ്റം ചെയ്യുന്ന പൊലീസുകാർക്ക് കൃത്യമായ ശിക്ഷ വാങ്ങിനൽകാൻ സാധിക്കാത്തതാണ് സേനയിൽ കുറ്റവാളികൾ പെരുകാൻ കാരണം. പൊലീസിലെ രാഷ്ട്രീയ അതിപ്രസരവും യൂണിയൻ പ്രവർത്തനവും കുറ്റവാളികൾക്ക് സംരക്ഷമേകുന്നു. എന്തു കുറ്റം ചെയ്താലും പലപ്പോഴും വകുപ്പ് തല അന്വേഷണത്തിൽ ഒതുങ്ങുന്ന പതിവാണുള്ളത്. ഇത് അങ്ങേയറ്റം ഒരു സ്ഥലം മാറ്റത്തിൽ ഒതുങ്ങുകയും ചെയ്യും. ഈ അവസ്ഥ കുറ്റകൃത്യങ്ങൾ ആവർത്തിക്കാനും കാരണമാകുന്നു. ഏത് ഉയർന്ന ഉദ്യോഗസ്ഥനായാലും കുറ്റം ചെയ്താൽ മുഖംനോക്കാതെയുള്ള നടപടിയെടുക്കാനാകണം. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ സേനയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള ആർജ്ജവം ഉണ്ടാകണം. ഇതിന് നമുടെ നിയമ സംവിധാനം തയ്യാറാകണം. കിളികൊല്ലൂരിലെ പൊലീസുകാരായ പ്രതികളെ സേനയിൽ നിന്ന് തന്നെ ഒഴിവാക്കിയിൽ അതുനൽകുന്ന സന്ദേശം വളരെ വലുതായിരിക്കും. നാളെകളിൽ പൊലീസിന് മുഖത്ത് തുണിയിടിതെ നടക്കാൻ ആഭ്യന്തരമന്ത്രിയുടെ അടിയന്തര ഇടപെലുകളും ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com