Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'തരൂർ ഉണ്ട ചോറിന് നന്ദി കാട്ടണം',ജെയിംസ് കൂടൽ എഴുതുന്നു

‘തരൂർ ഉണ്ട ചോറിന് നന്ദി കാട്ടണം’,ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

ശശി തരൂർ കോൺഗ്രസുകാരനും എം.പിയും ആകുന്നതിന് മുൻപ് നയതന്ത്ര വിദഗ്ദ്ധനായിരുന്നു. കോൺഗ്രസ് സർക്കാരുകളുടെ കാലത്താണ് അദ്ദേഹം വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസിഡറായത്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്‌സരിക്കാൻ അദ്ദേഹത്തിന് അടിസ്ഥാന പാത ഒരുക്കി കൊടുത്തത് പി.വി നരസിംഹറാവുവിന്റെ കാലം മുതലുള്ള കോൺഗ്രസ് സർക്കാരുകളാണ്. ഔദ്യോഗിക പദവികൾ ഒഴിഞ്ഞ് കോൺഗ്രസിൽ ചേർന്ന തരൂരിന് അർഹമായ പരിഗണന നൽകി എം.പിയാക്കി. വർഷങ്ങൾ അങ്ങനെ കടന്നുപോയി.

പഹൽഗാം ഭീകരാക്രമണത്തിനു ശേഷം വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാനുള്ള നയതന്ത്ര സംഘത്തിന് നേതൃത്വം നൽകാൻ തരൂരിനെ മോദി സർക്കാർ തിരഞ്ഞെടുത്തപ്പോൾ, പാർട്ടിയോട് ആലോചിക്കാതെ അദ്ദേഹം ആ സ്ഥാനം ഏറ്റെടുത്തു. നയതന്ത്ര രംഗത്തെ വിശദീകരണ ചാതുര്യവും വിദേശ രാഷ്ട്രത്തലവൻമാരുമായുള്ള അടുപ്പവും കാരണം തരൂർ ആ ചുമതല ഏറ്റെടുത്തതിനെ കോൺഗ്രസ് പാർട്ടി പരസ്യമായി എതിർത്തില്ല. അതൊക്കെ തരൂരിന്റെ പ്രൊഫഷണൽ കഴിവായി കണ്ട് അംഗീകരിച്ചതാണ്.

പക്ഷെ, അടുത്തിടെ തരൂർ ഒരു ഇംഗ്‌ളീഷ് പത്രത്തിലൂടെ അടിയന്തരാവസ്ഥയെയും നെഹ്‌റു കുടുംബത്തെയും ഇന്ദിരാഗാന്ധിയെയും കടന്നാക്രമിച്ച് എഴുതിയ ലേഖനവും മോദി സ്തുതിയും ഒരു കോൺഗ്രസ് നേതാവ് പാലിക്കേണ്ട അടിസ്ഥാന തത്വങ്ങൾക്ക് യോജിച്ചതല്ല. കേരളത്തിൽ അടുത്ത മുഖ്യമന്ത്രിയാകാൻ ഇരുപത്തിയെട്ട് ശതമാനം കോൺഗ്രസ് പ്രവർത്തകരും ആഗ്രഹിക്കുന്ന നേതാവ് ശശി തൂരൂർ ആണെന്ന ഒരു ഏജൻസിയുടെ തട്ടിക്കൂട്ട് സർവെ ഫലം അദ്ദേഹം തന്നെ പുറത്തു വിട്ടത് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നു സൂചിപ്പിക്കുന്നതാണ്.

പാർട്ടി നൽകിയ വലിയ പദവികൾ ആവോളം ആസ്വദിച്ച ശേഷം കേരള മുഖ്യമന്ത്രിയാകണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സാധാരണ കോൺഗ്രസ് പ്രവർത്തകർക്കു ദഹിക്കുന്നതല്ല. കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും ആക്ഷേപിക്കുന്ന തരൂർ ഇപ്പോൾ ഏതു പാർട്ടിയിലാണെന്നാണ് ചോദ്യം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഓരോ സ്ഥാനാർത്ഥിയും നേതാവും പേമെന്റ് സർവെ റിപ്പോർട്ടുമായി രംഗത്തു വരാറുണ്ട്. താനാണ് ഏറ്റവും ജനകീയൻ എന്നു വരുത്തി തീർക്കുവാൻ നടത്തുന്ന ഇത്തരം ചെപ്പടി വിദ്യകൾ നടത്തുന്നവരെ ജനങ്ങൾ വോട്ടെടുപ്പ് സമയത്ത് ചവിറ്റുകൊട്ടയിൽ തള്ളിയ ചരിത്രമാണുള്ളത്.

തരംതാണ അത്തരം ഒരു രാഷ്ട്രീയക്കളിക്കളിയിലേക്ക് തരൂർ എടുത്തു ചാടിയത് സ്വയം അധ:പതിക്കുന്നതിന് തുല്യമാണ്. കോൺഗഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും തരൂരിലുള്ള ബഹുമാനവും വിശ്വാസവും നഷ്ടമായി. ബി.ജെ.പിയോട് അദ്ദേഹം അടുക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. അധികാരത്തിലെ ഉന്നത പദവികളിൽ ഒന്നിനു വേണ്ടി എന്നതാണത്. അതിന് കോൺഗ്രസ് പാർട്ടിയെ വിമർശിക്കുകയും പുറത്താക്കാൻ പ്രകോപിപ്പിക്കുകയുമാണ് തരൂർ ചെയ്തുകൊണ്ടിരിക്കുന്നത്. ചില കുടുംബങ്ങളിൽ ചില സന്തതികൾ പിഴച്ചു പുറത്തു പോകാറുണ്ട്. അതേപോലൊരു പ്രവർത്തിയായി മാത്രമേ കോൺഗ്രസുകാർ ഇതിനെ കാണുന്നുള്ളൂ. തരൂർ ഒന്നുകിൽ അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായി തുടരണം. അല്ലെങ്കിൽ ബി.ജെ.പിയിലേക്ക് പോകണം. ചിലർ പോകുമ്പോൾ ചില സ്ഥലങ്ങൾ ശുദ്ധിയാകും. തരൂർ പോകുമ്പോൾ പാർട്ടിയും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments