Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'കേരള പൊലീസ് കാടൻമാരാകുന്നോ ?',ജെയിംസ് കൂടൽ എഴുതുന്നു

‘കേരള പൊലീസ് കാടൻമാരാകുന്നോ ?’,ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

ഭരണകൂടത്തിനുള്ളിലും അതിക്രൂരൻമായ അധോലോക മാഫിയ ഉണ്ടെന്ന് പത്രപ്രവർത്തകനായ ജോസി ജോസഫ് എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ് സ്‌റ്റേറ്റ് എന്ന തന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. ആരൊക്കയാണ് ഭരണകൂടത്തിനുള്ളിലെ അധോലോകങ്ങൾ എന്നു ചിന്തിച്ചാൽ നമ്മുടെ മനസിലേക്ക് ആദ്യം എത്തുന്നത് പൊലീസുകാരും അഴിമതിക്കാരായ കുറെ ഉദ്യോഗസ്ഥരുമാണ്. എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുന്ന സാധാരണക്കാരും പാവങ്ങളും പൊലീസിനെ കണ്ടാൽ ഉള്ളിൽ ചെറിയൊരു ഭയമുണ്ടാകും. നാം തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ കൂടിയും നമ്മളെ പൊലീസ് പിടിച്ചുകൊണ്ടുപോകാം എന്നതാണ് ആ ഭയം. ഇപ്പോഴത്തെ കേരളത്തിലെ സംഭവവികാസങ്ങൾ കാണുമ്പോൾ ആ ഭയം ജനങ്ങളുടെ മനസിലെ വല്ലാതെ വേട്ടയാടുന്നുണ്ട്. അധികാരത്തിന്റെ മർദ്ദനോപകരണമാണ് പൊലീസ്. കാക്കിയിട്ട ഗുണ്ടകൾ എന്നാണ് പൊലീസിനെ സമരമുഖങ്ങളിൽ ആക്ഷേപിക്കാറുള്ളത്.

ഇപ്പോഴത്തെയും മുൻപത്തെയും പിണറായി സർക്കാരിന് കീഴിലുള്ള പൊലീസ് ആ വിശേഷണത്തിന് തീർച്ചയായും അർഹരാണ്. ഈ രണ്ടു സർക്കാരുകളുടെയും കാലത്ത് 17 കസ്റ്റഡി മരണങ്ങളാണ് നടന്നിട്ടുള്ളത്. പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റവർ നിരവധിയുണ്ട്. പൊലീസിനെതിരെ 2012 മുതൽ ഇക്കൊല്ലം വരെ 5132 പരാതികളാണ് പൊലീസ് കംപ്‌ളയിന്റ് അതോറിറ്റിക്ക് ലഭിച്ചിട്ടുള്ളത്. മൂന്നാം മുറകൾക്കും കസ്റ്റഡി മരണങ്ങൾക്കും ഉത്തരവാദികളായ പൊലീസുകാർക്കെ ശക്തമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ജനരോഷം ശക്തമാകുമ്പോൾ മർദ്ദകരായ പൊലീസുകാരെ സ്ഥലം മാറ്റുക മാത്രം ചെയ്യും. ഇങ്ങനെയുള്ള സ്ഥലം മാറ്റങ്ങൾ മിക്കതും അവരവരുടെ വീടുകൾക്ക് സമീപമുള്ള പൊലീസ് സ്‌റ്റേഷനുകളിലേക്കാകും. തൃശൂരിലെ സുജിത്ത് എന്ന യൂത്ത് കോൺഗ്രസ് നേതാവിനെ 2023ൽ പൊലീസ് സ്‌റ്റേഷനിൽ വച്ച് അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട് ലോകമെങ്ങുമുള്ള മലയാളികൾ അമ്പരന്നു. അതിനു പിന്നാലെയാണ് പീച്ചി പൊലീസ് സ്‌റ്റേഷനിൽ വച്ച് ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നത്. വിവരാവകാശ പ്രകാരം ദൃശ്യങ്ങൾ ലഭിക്കാൻ അപേക്ഷിച്ചപ്പോൾ അതു നൽകാതിരിക്കാൻ പൊലീസ് എല്ലാ മാർഗവും നോക്കി. ഒടുവിൽ, കോടതി വിധിയിലൂടെയാണ് സുജിത്തിന് പൊലീസ് സ്‌റ്റേഷനിൽ നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. പൊലീസിനെതിരായ നിയമനടപടിയിൽ നിന്ന് പിൻമാറാൻ സുജിത്തിന് വൻ തുകയാണ് പൊലീസ് കൈക്കൂലിയായി വാഗ്ദാനം ചെയ്തത്. പീച്ചി സ്‌റ്റേഷനിൽ മർദ്ദനത്തിനിരയായ ഹോട്ടൽ ജീവനക്കാരനെ, തങ്ങൾക്കെതിരെ പരാതി നൽകിയാൽ പോക്‌സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ, അതിശക്തമായ ജനരോഷത്തെ തുടർന്ന് സുജിത്തിനെ മർദ്ദിച്ച നാലക പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. രണ്ടു വർഷം പൊലീസ് മറച്ചു വച്ച ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ മാത്രമാണ് സസ്‌പെൻഷൻ നടപടി. അതുവരെ അവർ ക്രമസമാധാന ചുമതല കൈകാര്യം ചെയ്തുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. കഴിഞ്ഞ ഒൻപത് വർഷവും മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് വൻ പരാജയമാണെന്നും പൊലീസ് ക്രൂരൻമാരായ ഗുണ്ടകളാണെന്നും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരും നിരപരാധികളുമായ അലനെയും താഹയെയും യു. എ. പി. എ ചുമത്തി അറസ്റ്റ് ചയ്തത് മറക്കാവുന്നതല്ല. വരാപ്പുഴയിൽ ശ്രീജിത്തും തിരുവനന്തപുരത്ത് ഉദയകുമാറും കസ്റ്റഡിയിൽ കൊല്ലപ്പെട്ടപ്പോൾ പിണറായി പൊലീസിനെ ന്യായീകരച്ചു. ഇരുവരുടെയും കുടുംബങ്ങൾക്ക് നീതി കിട്ടിയിട്ടില്ല. ദളിത് യുവാവിനെയും ഒൻപതുവയസുള്ള മകളെയും മോഷ്ടാക്കളാക്കി അപമാനിച്ചതും പിണറായിയുടെ പൊലീസാണ്. വീട്ടുജോലിക്കു നിന്ന യുവതിയെ മാലമോഷണക്കസിലും കുടുക്കി. പൊലീസ് മർദ്ദനത്തിൽ കർണപുടം പൊട്ടിയവരും ശാരീരിക വൈകല്യം ബാധിച്ചവരുമായി നിരവധിയാളുകൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിൽ രംഗത്തുവന്നു. അതിൽ സി.പി. എം പ്രവർത്തകരുമുണ്ട്.
രാഷ്ട്രീയ എതിരാളികളുടെ ഭാവി തകർക്കാനും അപമാനിക്കാനും പിണറായി പൊലീസിനെ കയറൂരി വിട്ടപ്പോൾ, നിരപരാധികളെ കൊല്ലാനും കൊല്ലാക്കൊല ചെയ്യാനും മൃഗങ്ങളെയും തോൽപ്പിക്കുന്ന കാടത്തം കാട്ടുന്നവരായി പൊലീസ് അധ:പതിച്ചത് കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments