ന്യൂഡല്‍ഹി: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ രാഷ്ട്രപതി നിയമിച്ചു. നവംബര്‍ 24-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. കേന്ദ്ര നിയമ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പ് അദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നവംബര്‍ 23-ന് സ്ഥാനമൊഴിയുന്ന ജസ്റ്റിസ് ബി. ആര്‍. ഗവായിയുടെ പിന്‍ഗാമിയായാണ് ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേല്‍ക്കുക. ഗവായ് തന്നെയാണ് തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് സൂര്യകാന്തിന്റെ പേര് കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തത്.
സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനോട് പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ ഒരുമാസം മുന്‍പ് നിയമമന്ത്രാലയം ആവശ്യപ്പെടുകയും അദ്ദേഹം ഏറ്റവും സീനിയര്‍ ജഡ്ജിയുടെ പേര് ശുപാര്‍ശ ചെയ്യുകയുമാണ് പതിവ്. 2019 മേയ് 24-ന് സുപ്രീംകോടതിയിലെത്തിയ ജസ്റ്റിസ് സൂര്യകാന്തായിരുന്നു സീനിയോറിറ്റിയില്‍ മുന്നില്‍.
1962 ഫെബ്രുവരി പത്തിന് ഹരിയാണയിലെ ഹിസാര്‍ ജില്ലയില്‍ ജനിച്ച സൂര്യകാന്ത് റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍നിന്നാണ് നിയമബിരുദം നേടിയത്. ആദ്യം ജില്ലാ കോടതികളിലും പിന്നീട് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്ത അദ്ദേഹം 38-ാം വയസ്സില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അഡ്വക്കേറ്റ് ജനറലുമായി.
2004-ല്‍ 42-ാം വയസ്സിലാണ് ജസ്റ്റിസ് സൂര്യകാന്ത് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയില്‍ ജഡ്ജിയായത്. 2011-ല്‍ കുരുക്ഷേത്ര സര്‍വകലാശാലയില്‍നിന്ന് വിദൂരപഠനത്തിലൂടെ നിയമത്തില്‍ ബിരുദാനന്തരബിരുദവും നേടി. പതിനാല് വര്‍ഷം ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സൂര്യകാന്ത്, 2018-ല്‍ ഹിമാചല്‍പ്രദേശില്‍ ചീഫ് ജസ്റ്റിസായി.



