തിരുവനന്തപുരം : സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം ഉണ്ടാകുന്നത് ദുരൂഹമാണെന്നും ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.
‘‘അഴിമതിയുടെ സാന്നിധ്യമുള്ള ഇടങ്ങളില്‍ തീപിടിക്കുന്ന വിചിത്ര സാഹചര്യമാണുള്ളത്. ബ്രഹ്‌മപുരത്തും സെക്രട്ടേറിയറ്റിലും ഒടുവില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ രണ്ട് ഗോഡൗണിലും തീ ഉയരുന്നത് തെളിവുകള്‍ ചുട്ടെരിക്കാനാണ്. കോവിഡ് കാലത്തെ കോടികളുടെ അഴിമതി ആരോപണത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപിടിത്തം ഉണ്ടായത്.
ഇനിയടുത്ത തീപിടിത്തം റോഡ് ക്യാമറയുമായി ബന്ധപ്പെട്ട് കോടികളുടെ കമ്മിഷന്‍ ഇടപാടിന് കളമൊരുക്കിയ കെല്‍ട്രോണിലാണോ എന്ന ആശങ്ക ഉയരുന്നുണ്ട്. അഴിമതി ആരോപണം ഉയര്‍ന്ന ഇടങ്ങളിലെ തെളിവുകള്‍ തീപിടിത്തത്തില്‍നിന്നു സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം. അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗുണദോഷിക്കുന്നത് ഏറ്റവും വലിയ തമാശയാണ്. സര്‍ക്കാര്‍ നടപ്പാക്കിയ ഓരോ പദ്ധതിയിലും തട്ടിപ്പ് അരങ്ങേറുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തിലുള്ളത്.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ ‘റോള്‍ മോഡല്‍’ മുഖ്യമന്ത്രിയാണ്. അഴിമതി നിരോധന നിയമപ്രകാരം സര്‍ക്കാരിന്റെ അനുമതിയില്ലാതെ അന്വേഷണം നടത്താന്‍ പാടില്ലെന്ന ഭേദഗതി 2018ല്‍ നടപ്പായതോടെ മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ ചാകരയാണിപ്പോള്‍. അതോടൊപ്പം അഴിമതിക്കെതിരെ പോരാടാനുള്ള സംവിധാനങ്ങളെ വന്ധീകരിക്കുകയും ചെയ്തു’’– സുധാകരൻ പറഞ്ഞു.