ബെംഗളൂരു: കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അജ്ഞാതസംഘം വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. ധാർവാഡ് സ്വദേശിയായ ഫൈറോസ് പഠാൻ (32) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ ആയിരുന്നു സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ധർവാഡ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്നു ഫൈറോസ്.
വീടിന്റെ പോർച്ചിലിരിക്കുകയായിരുന്ന ഫൈറോസിന്റെ അടുത്തേക്ക് നീലയും വെള്ളയും ചേർന്ന ചെക്ക് ഷർട്ട് ധരിച്ചൊരാൾ എത്തുന്നതും അടുത്തിരുന്ന് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേസമയം തന്നെ വേറെ രണ്ട് പുരുഷന്മാർ വീടിന്റെ ഗേറ്റിന് പുറത്തായി നിൽക്കുന്നതും കാണാം. വീടിന്റെ വാതിൽക്കൽനിന്ന് ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടിരുന്ന ഫൈറോസിനെ, ചെക്ക് ഷർട്ട് ധരിച്ചയാൾ പിന്നിൽനിന്നെത്തി വയറിൽ കുത്തുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിയ ഫൈറോസിന്റെ പിന്നാലെ അക്രമിയും പുറത്ത് കാത്തുനിന്ന മറ്റു രണ്ടുപേരും പാഞ്ഞുചെന്നു. അൽപസമയത്തിന് ശേഷം മറ്റൊരാളും അക്രമികളുടെ കൂട്ടത്തിലേക്ക് വന്നുചേർന്നു.
ഫൈറോസിന് കുത്തേറ്റ് ഏകദേശം നാൽപ്പത് സെക്കൻഡിന് ശേഷം നാലംഗ അക്രമിസംഘം വീടിന് പുറത്തേക്ക് ഇറങ്ങിവരുന്നത് കാണാം. വീടിനുള്ളിലെ കിടപ്പുമുറിയുടെ തറയിൽനിന്നാണ് ഫൈറോസിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 24-ാം തീയതി വിവാഹം നടക്കാനിരിക്കവേയാണ് ഫൈറോസിന്റെ മരണം സംഭവിച്ചത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.



