തിരുവനന്തപുരം : സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31നു മുൻപ് 6,400 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ചൊവ്വാഴ്ച 1000 കോടി രൂപ കടമെടുക്കും. ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി ഇൗ മാസം അവസാനം 2,000 കോടി രൂപ വായ്പ വാങ്ങും. അടുത്ത മാസം 1,900 കോടിയും മാർച്ചിൽ 1500 കോടിയും കടം വാങ്ങും. റിസർവ് ബാങ്ക് മുഖേനയാണ് കടമെടുപ്പ്.
ഇൗ സാമ്പത്തിക വർഷം ഇതുവരെ 24,039 കോടി രൂപയാണ് സംസ്ഥാന സർക്കാർ കടമെടുത്തത്. 6,400 കോടി കൂടി കടമെടുക്കുന്നതോടെ ഇൗ സാമ്പത്തിക വർഷത്തെ ആകെ കടമെടുപ്പ് 30,439 കോടി രൂപയാകും. 2021–22ൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ വഴി കടമെടുത്ത 12,562 കോടി രൂപ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് അവകാശത്തിൽ നിന്നു കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഇൗ വർഷം മുതൽ 3,140 കോടി രൂപ വീതം 4 വർഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറച്ചിരിക്കുന്നത്.