ആർ.വി.രാഖി
തിരുവനന്തപുരം: ഡിസി ബുക്സ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് എതിരെ കൂടുതൽ വിമർശങ്ങൾ ഉയരുന്നു. സർക്കാർ ധനസഹായം നൽകുന്നതിനെതിരെ എംഎൽഎമാർ തന്നെ ശബ്ദമുയർത്തിയതാണ് പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ അടുത്ത വർഷത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ നടത്തിപ്പ് സംബന്ധിച്ച് ആശങ്കകളും ഏറി. കോഴിക്കോട് കടപ്പുറത്ത് എല്ലാ വർഷവും ജനുവരിയിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വരും വർഷങ്ങളിൽ കഴിഞ്ഞ വർഷങ്ങളിലെ പകിട്ടോടെ നടക്കുമോ എന്ന കാര്യത്തിലാണ് ആശങ്ക.
ഡിസി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ആറാമത് എഡിഷനാണ് കഴിഞ്ഞ ആഴ്ച കോഴിക്കോട് സമാപിച്ചത്. ഇതിനിടെ 2021, 22 വർഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സാഹിത്യോത്സവം നടന്നിരുന്നില്ല. എല്ലാ വർഷവും സാഹിത്യോത്സവത്തിന് കേരള സർക്കാർ ധനസഹായം നൽകുന്നതിനെതിനെതിരെ തുടക്കം മുതലേ വിമർശനം ഉയർന്നിരുന്നു. ഒരോ വർഷവും 50 ലക്ഷത്തിലധികം രൂപയാണ് സർക്കാർ ധനസഹായമായി നൽകുന്നത്. ആരും പരാതിയായി ഉന്നയിച്ചിരുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് ചർച്ചകൾ സജീവമായിരുന്നു. ഡിസിയുടെ പുസ്തകങ്ങൾ മാത്രം വിൽപന നടത്തുന്ന മേളയ്ക്ക് സർക്കാർ ധനസഹായം എന്തിനാണ് എന്നതായിരുന്നു ഉന്നയിക്കപ്പെട്ട പ്രധാന ചോദ്യം. ഡിസിയുടെ പുസ്തകങ്ങൾക്ക് മാത്രമാണ് ഇവിടെ പ്രാധാന്യം നൽകുന്നത്. ചെറുകിട പ്രസാധകരെ പൂർണമായും ഒഴിവാക്കുന്ന രീതിയാണ് ഓരോ വർഷവും കണ്ടത്.
ഇക്കുറി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അതേ സമയത്ത് തന്നെ തിരുവനന്തപുരത്ത് നിയമസഭാ പുസ്തകോത്സവം കൂടി നടന്നതോടെയാണ് സർക്കാർ ധനസഹായം വീണ്ടും സജീവ ചർച്ചയിലേക്ക് എത്തിയത്. സർക്കാർ സഹായം സർക്കാർ നടത്തുന്ന സാഹിത്യോത്സവങ്ങൾക്കു വേണം നൽകാനെന്നും സ്വകാര്യ സംരംഭകരുടെ മേളകൾക്ക് നൽകരുതെന്നും എംഎൽഎമാർ തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. അടുത്ത വർഷം മുതൽ നിയമസഭാ പുസ്തകോത്സവം വിപുലമായി നടത്താനും ഇവർ നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല, കേരള എന്ന പേര് സ്വകാര്യ സംരംഭകർ ഉപയോഗിക്കുന്നതിനെതിരെയും എംഎൽഎമാർ എതിരഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. കേരള എന്ന പേര് സർക്കാർ പരിപാടികൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഇവരുടെ നിർദേശം.
ഡിസി നടത്തുന്ന സാഹിത്യോത്സവത്തിന്റെ പ്രധാന ആകർഷണം കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്ന പേരായിരുന്നു. ആ പേര് നഷ്ടപ്പെടുകയാണെങ്കിൽ സാഹിത്യോത്സവത്തിന്റെ പ്രൗഢി തന്നെ നഷ്ടമായേക്കും എന്നാണ് സാഹിത്യാസ്വാദകരുടെ വിലയിരുത്തൽ. എന്നാൽ, മുഖ്യമന്ത്രി ഉദ്ഘാടകനായി എത്തുകയും മന്ത്രിമാരും പ്രതിപക്ഷ നേതാവും മറ്റും പല സെഷനുകളിൽ അതിഥിയായി എത്തുകയും ചെയ്ത സാഹിത്യോത്സവത്തിന്റ പേര് മാറ്റാൻ മുഴുവൻ സാമാജികരുടെയും പിന്തുണ കിട്ടുമോ എന്നതും കണ്ടറിയണം.