കൊച്ചി : മെട്രോ നാളെ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്ക്. നാളെ രാവിലെ 10ന് ഓൺലൈൻ ആയി പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഉദ്ഘാടനം ചെയ്യും. ആലുവയിൽ നിന്നു സർവീസ് ആരംഭിക്കുന്ന മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനാണു തൃപ്പൂണിത്തുറ ടെർമിനൽ. രണ്ടു മാസം മുൻപ് തൃപ്പൂണിത്തുറയിലേക്കു പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ അനുമതി ലഭിച്ചതോടെയാണു തിരഞ്ഞെടുപ്പിനു മുൻപു ലൈൻ കമ്മിഷൻ ചെയ്യുന്നത്.
കൊൽക്കത്തയിൽ നിന്നാണു പ്രധാനമന്ത്രി കൊച്ചി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. തുടർന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നു ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്കു പുറപ്പെടും. ജനങ്ങൾക്കുള്ള സർവീസും തൊട്ടുപിറകെ ആരംഭിക്കും. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു എന്നതാണു ടെർമിനൽ സ്റ്റേഷന്റെ പ്രത്യേകത. തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9.45 മുതൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും
ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണു ടിക്കറ്റ് നിരക്ക്. എങ്കിലും, ഉദ്ഘാടന ഓഫർ ആയി എസ്എൻ ജംക്‌ഷൻ വരെയുള്ള യാത്ര നിരക്ക് 60 രൂപ മാത്രമാണ്. മെട്രോയുടെ ആദ്യ ഘട്ടമായ ആലുവ– പേട്ട ടിക്കറ്റ് നിരക്കാണ് 60 രൂപ. മെട്രോ പിന്നീട് എസ്എൻ ജംക്‌ഷനിലേക്കു നീട്ടിയപ്പോഴും 60 രൂപയാണ് ടിക്കറ്റ് നിരക്ക്.