കൊല്ലം: കൊട്ടാരക്കര വാളകത്ത് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. വാളകം ബഥനി കോൺവെന്റിന് മുന്നിലാണ് കുഞ്ഞിനെ കണ്ടത്. ഇന്നലെ രാത്രി 8.15 നാണ് മുഖംമൂടി ധരിച്ചയാൾ കുഞ്ഞിനെ കുരിശടിക്ക് മുന്നിൽ ഉപേക്ഷിച്ച് മുങ്ങിയത്. പിന്നീട് പുലർച്ചെ 3.15 നാണ് പ്രദേശവാസി കുഞ്ഞിനെ കണ്ടത്.
കുഞ്ഞിനെ കൊണ്ടുവെച്ചയാള്‍ മുഖം മറച്ചിരുന്നതാൽ കുരിശടിക്ക് മുന്നിലെ സി.സി.ടിവിയിൽ ഇയാളുടെ മുഖം വ്യക്തമല്ല. എന്നാൽ പ്രദേശത്തെ മറ്റു സിസിടിവി ക്യാമറകളിൽ നിന്ന് എന്തെങ്കിലും സൂചന ലഭിക്കുമോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. തെരുവ് നായ ശല്യം രൂക്ഷമായ പ്രദേശത്ത് നിന്നും ഇത്രയധികം സമയം അപകടമില്ലാതെ കുട്ടിയെ കിട്ടിയത് ആശ്വാസമാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.