ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കേന്ദ്രസുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ചില ഭാഗങ്ങളിൽ കാൽനട യാത്ര നടത്തരുതെന്നും കാറിൽ സഞ്ചരിക്കണമെന്നുമാണ് നിർദേശം. യാത്ര ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകാൻ പാടില്ലെന്നും അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. യാത്ര കടന്നു പോകുന്ന പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന തുടരുകയാണ്.
വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കുക. നിലവിൽ പഞ്ചാബിലാണ് യാത്ര പര്യടനം തുടരുന്നത്. നാളെ ഹിമാചൽ പ്രദേശിൽ പ്രവേശിക്കും. വീണ്ടും പഞ്ചാബിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ച കശ്മീരിലെ കാഠ്‌വയിൽ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ ദേശീയ പതാക ഉയർത്തും. ജനുവരി 27ന് അനന്ത്നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കും. ജനുവരി 30ന് ശ്രീനഗറിലാണ് സമാപന സമ്മേളനം.
രാഹുൽ ഗാന്ധിക്ക് നിലവിൽ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്. യാത്രയ്ക്കിടെ നിരവധി സുരക്ഷാവീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കഴിഞ്ഞ മാസം കോൺഗ്രസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2020 മുതൽ നിരവധി തവണ സുരക്ഷാ പ്രോട്ടോക്കോൾ രാഹുൽ ഗാന്ധി ലംഘിച്ചതായി കോൺഗ്രസിന് മറുപടിയായി കേന്ദ്രം അറിയിച്ചു.