Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധി: പിരിച്ചത് ഓരോരുത്തരും 3000 വീതം, ചിത്രങ്ങൾ പുറത്ത്

കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധി: പിരിച്ചത് ഓരോരുത്തരും 3000 വീതം, ചിത്രങ്ങൾ പുറത്ത്

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധി എടുത്ത് മൂന്നാറിൽ വിനോദ യാത്രയ്ക്ക് പോയതിന്റെ ഫോട്ടോഗ്രാഫുകൾ പുറത്ത്. സംഘത്തിൽ തഹസിൽദാർ എൽ കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഓഫീസിലെ 23 ജീവനക്കാർ അവധിക്ക് അപേക്ഷ നൽകിയും 21 പേർ അവധി എടുക്കാതെയുമാണ് വിനോദ യാത്രയ്ക്ക് പോയത്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സംഘം യാത്ര പോയത്. ഓഫീസ് സ്റ്റാഫ്‌ കൗൺസിൽ സംഘടിപ്പിച്ച യാത്രയ്ക്കായി 3000 രൂപ വീതം ഓരോരുത്തരും നൽകിയിരുന്നു.

63 ജീവനക്കാരുള്ള ഓഫീസിൽ 44 പേരും ഹാജരായിരുന്നില്ല. സംഭവത്തിൽ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ തഹസിൽദാരോട് വിശദീകരണം തേടിയിട്ടുണ്ട്. ജില്ലാ കളക്ടർ ഓഫീസിൽ ഹാജരാവാത്ത മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ അടിയന്തിരമായി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. താലൂക്ക് ഓഫീസിൽ ആളില്ലെന്ന വിവരം ലഭിച്ച എംഎൽഎ തഹസിൽദാർ ഓഫീസിൽ എത്തുകയായിരുന്നു. അതോടെയാണ് തഹസിൽദാർ അടക്കം മൂന്നാറിലേക്ക് ടൂർ പോയതാണെന്ന് മനസ്സിലായത്. തുടർന്ന് എംഎൽഎ കെ യു ജനീഷ്കുമാർ തഹസിൽദാറെ ഫോണിൽ ബന്ധപ്പെട്ട് ക്ഷുഭിതനായി.

വാഹനസൗകര്യങ്ങൾ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് ഓഫീസിൽ പല ആവശ്യങ്ങൾക്കുമായി എത്തുന്നത്. എന്നാൽ ആ സമയം ഓഫീസിൽ ഉദ്യോഗസ്ഥരില്ല. 23 പേർ മാത്രമാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. വിശദമായ അന്വേഷണം നടത്തി പൂർണ്ണമായ റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകുകയായിരുന്നു.

രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാലാണ് ഉദ്യോഗസ്ഥർ മൂന്ന് ദിവസം അവധിയെടുത്ത് മൂന്നാറിലേക്ക് പോയത്. ജീവനക്കാർക്ക് അർഹതപ്പെട്ട ലീവ് എടുക്കുന്നതിൽ തടസമില്ല, എന്നാൽ ഇത്രയേറെപ്പേർക്ക് ഒന്നിച്ച് ലീവ് അനുവദിക്കേണ്ടതുണ്ടോയെന്ന് മേലധികാരി തീരുമാനിക്കണമെന്നും ജനീഷ് കുമാർ പ്രതികരിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകർ താലൂക്ക് ഓഫീസിൽ എത്തി പ്രതിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments