കോഴിക്കോട്: കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. തന്നെ ഭയം പിടികൂടിയതായും, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകുമെന്നും അദ്ദേഹം പറഞ്ഞു. ‘കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു’- അദ്ദേഹം പറഞ്ഞു.
‘ഇത്രയും കാലം നിധിപോലെ നെഞ്ചിലേറ്റിയതായിരുന്നു കലോത്സവങ്ങളിലെ അടുക്കളകള്‍. എന്നാൽ പുതിയ കാലത്തിന്റെ വൈതാളികര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തുവരുമ്പോള്‍ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവവേദികളിലെ ഊട്ടുപുരകളില്‍ ഞാൻ ഉണ്ടാവില്ല. ഞാൻ വിടവാങ്ങുന്നു’ പഴയിടം പറഞ്ഞു.
കൗമാരസ്വപ്‌നങ്ങള്‍ ആടിത്തിമര്‍ത്ത് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് പോകുന്ന ഒരു ഭക്ഷണശാലയില്‍ ഇത്തരം വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കൊടുത്തിട്ട് നില്‍ക്കുന്ന സ്ഥലങ്ങളില്‍ തന്റെ ആവശ്യമില്ലെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. ‘ഒരു വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചളി വാരിയെറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അതൊന്നും ഇനി ഉള്‍ക്കൊള്ളേണ്ട കാര്യമില്ല. എന്റെത് പുര്‍ണമായും വെജിറ്റേറിയന്‍ ബ്രാന്റ് തന്നെയായിരുന്നു. ഇനി ഇപ്പോ ഭക്ഷണരീതികളും ഭക്ഷണശീലങ്ങളും മാറിവരുന്ന അടുക്കളയില്‍ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയില്ലെന്ന് ബോധ്യമായതിന് പിന്നാലെയാണ് പിന്‍മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
ഭയമുള്ളതുകൊണ്ടാണ് ഈ രംഗത്തുനിന്ന് മാറിനില്‍ക്കുന്നതിന് പ്രധാനകാരണമെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭയമുണ്ടായാല്‍ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണ്. കേരളത്തിലെ സാഹചര്യം അതാണ്. കലോത്സവങ്ങളിലായി ഇതുവരെ രണ്ടുകോടിയിലേറെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ട്. അതുമതി തനിക്ക് ഇനിയുള്ള കാലം സന്തോഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.