കൊച്ചി: കെപിസിസി പുനസംഘടിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി. 13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് പുറത്തുവിട്ടത്. രാജ്മോഹൻ ഉണ്ണിത്താൻ, വികെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എകെ മണി, സിപി മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്ദീപ് വാര്യരടക്കമുള്ള 58പേരെയാണ് ജനറൽ സെക്രട്ടറിമാരാക്കിയത്. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡന്‍റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്‍റായും നിയമിച്ചു.വിഎ നാരായണനാണ് കെപിസിസി ട്രഷറര്‍.
നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്. വെള്ളാപ്പള്ളി നടേശനുമായി അടുപ്പം പുലര്‍ത്തുന്ന ഡി സുഗതനെ വൈസ് പ്രസിഡന്‍റാക്കി. മര്യാപുരം ശ്രീകുമാര്‍, ജി സുബോധനൻ, ജിഎസ് ബാബു എന്നിവരെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍റെ ചുമതലയുള്ള എൻ ശക്തനെയും ഒഴിവാക്കി. കെപിസിസി വൈസ് പ്രസിഡന്‍റായിരുന്നു.



