തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് കോണ്‍ഗ്രസ്. യുവതിയുടെ പരാതി പൊലീസ് മേധാവിക്ക് കൈമാറി. പൊലീസിന് പരാതി കൈമാറിയതായി യുവതിക്ക് കെപിസിസി മറുപടി നല്‍കി. നിയമപരമായി മുന്നോട്ട് പോകുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി.
രാഹുലിനെതിരെ ഗുരുതരാരോപണങ്ങളുമായാണ് മറ്റൊരു യുവതി ഇന്ന് രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുലിന്റെ പ്രവൃത്തികള്‍ ജീവിതത്തിലുണ്ടാക്കിയത് മറക്കാനാവാത്ത മുറിവുകളാണെന്നും പെണ്‍കുട്ടി പറയുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന 23-കാരിയാണ് രാഹുലിനെതിരെ പരാതിയുമായി കെപിസിസിയെ അടക്കം സമീപിച്ചത്.
വിവാഹ വാഗ്ദാനം നൽകിയാണ് ഹോംസ്റ്റേയിലെത്തിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. കുടുംബവുമായി സംസാരിക്കുന്നതിന് മുമ്പ് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നുവെന്നും ഫെന്നി നൈനാനും ഒപ്പമുണ്ടായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. ഹോംസ്റ്റേയിലെത്തിയ ശേഷം മുറിയിലേക്ക് കയറി. സംസാരിക്കാൻ പോലും കൂട്ടാക്കാതെ ശാരീരികമായി അടുക്കാൻ ശ്രമിച്ചു. എതിർപ്പ് വകവയ്ക്കാതെ അയാൾ തന്നെ ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് യുവതി പറയുന്നു.



