കെഎസ്ആർടിസിയുടെ നവീകരണത്തിനായി നിരവധി പദ്ധതികളാണ് ഗതാഗത വകുപ്പ് മന്ത്രിയായ കെ.ബി.ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം റെക്കോഡ് തുകയായ 13.01 കോടി പിന്നിട്ടതോടെ മറ്റൊരു സുപ്രധാന പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് മന്ത്രി. കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറായി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ എത്തുമെന്നാണ് മന്ത്രി ഗണേഷ് കുമാർ അറിയിച്ചിരിക്കുന്നത്.
ഗുഡ്‌വിൽ അംബാസിഡർ സ്ഥാനത്ത് മോഹൻലാൽ എത്തുന്നതോടെ അദ്ദേഹത്തെ വെച്ച് കെഎസ്ആർടിസിയുടെ പരസ്യം എടുക്കാൻ സാധിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. പണമൊന്നും വാങ്ങാതെയാണ് മോഹൻലാൽ കെഎസ്ആർടിസിയുമായി സഹകരിക്കുന്നതെന്നാണ് ഗണേഷ് കുമാർ ഉറപ്പുനൽകുന്നത്. കെഎസ്ആർടിസി റീബ്രാൻഡിങ്ങിന്റെ ഭാഗമായി 2025-ൽ സംഘടിപ്പിച്ച പരിപാടിയിൽ മോഹൻലാൽ മുമ്പ് പങ്കെടുത്തിരുന്നു.
ഓർമ എക്‌സ്പ്രസ് എന്ന പേരിൽ ഒരുക്കിയ കെഎസ്ആർട്‌സി ബസിൽ അദ്ദേഹം യാത്ര ചെയ്യുകയും ചെയ്തിരുന്നു. കെഎസ്ആർടിസിയുടെ റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് ഓർമ്മകളിലേക്കുള്ള യാത്രകൾക്കായി ‘ഓർമ എക്‌സ്പ്രസ്’ കെഎസ്ആർടിസി അവതരിപ്പിച്ചത്.
കേരളത്തിലെ ഗതാഗതസംവിധാനം ഗംഭീരമായി മാറുകയാണെന്നായിരുന്നു കെഎസ്ആർടിസിക്കായി എത്തിയ പുതിയ ബസുകൾ സന്ദർശിച്ച ശേഷം മോഹൻലാൽ അഭിപ്രായപ്പെട്ടത്. മികച്ച ഗതാഗത സംവിധാനങ്ങൾ കേരളത്തിൽ കൊണ്ടുവരാൻ ഗണേഷ്‌കുമാറിന് സാധിച്ചുവെന്നും താരം മന്ത്രിയെ പ്രശംസിച്ചിരുന്നു. പഠിക്കുന്ന കാലത്ത് തിരുവനന്തപുരം നഗരത്തിലൂടെ കെഎസ്ആർടിസി ബസിൽ യാത്രചെയ്തതിന്റെ ഓർമകളും അദ്ദേഹം പങ്കുവെച്ചു.
പുതിയ ബസുകൾ എത്തിയതിന് പിന്നാലെ കെഎസ്ആർടിസി സംഘടിപ്പിച്ച ട്രാൻസ്‌പോ 2025-ലും നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. മോഹൻലാലിന് പുറമെ, സംവിധായകൻ പ്രിയദർശൻ നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു, നടൻ നന്ദു, ഹരി പത്തനാപുരം എന്നിവരും ഓർമ എക്‌സ്പ്രസിൽ ഗതാഗതമന്ത്രി ഗണേഷ് കുമാറിനോടൊപ്പം സഞ്ചരിച്ചിരുന്നു.



