കുവൈത്തില്‍ ജോലി മാറാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാന്‍ അവസരം. ഇത് സംബന്ധിച്ച പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഭാര്യയുടെ വിസ ഫാമിലി വിസയിലേക്ക് മാറ്റുന്നതിനായി പാസ്പോര്‍ട്ട്, സിവില്‍ ഐഡിയുടെ പകര്‍പ്പ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ ഹാജരാക്കണം. സാലറി സര്‍ട്ടിഫിക്കറ്റ്, വര്‍ക്ക് പെര്‍മിറ്റ്, വാടക കരാര്‍ തുടങ്ങി വിവിധ രേഖകള്‍ ഭര്‍ത്താവും ഹാജരാക്കേണ്ടതുണ്ട്.
താമസ പരിധിയിലുള്ള ജവാസാത്ത് ഓഫീസിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. നിലവിലെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള ബാധ്യതകള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കാന്‍ മന്ദൂബ് മുഖേന സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയില്‍ നിന്നും ക്ലിയറന്‍സ് വാങ്ങണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. എല്ലാ രേഖകളും സമര്‍പ്പിച്ചാല്‍ 20 ദിനാര്‍ ഫീസ് അടച്ച് വിസ മാറ്റം പൂര്‍ത്തിയാക്കാം. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നടപടിക്രമങ്ങള്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.



